തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളിലെ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പ്രീമെട്രിക് സ്കോളർഷിപ്പ് 2023-24വരെ പൂർണമായി വിതരണം ചെയ്തതായി മന്ത്രി ഒ.ആർ കേളു നിയമസഭയിൽ പറഞ്ഞു. 2024-25ലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ സ്റ്റേറ്റ് സ്കോളർഷിപ്പുകളായ ലംസം ഗ്രാന്റും സ്റ്റൈപെന്റും വിതരണം ചെയ്തിട്ടുണ്ട്. ഇത് സംസ്ഥാന സർക്കാരാണ് നൽകുന്നത്. എന്നാൽ 9,10 ക്ലാസുകളിലെ സെന്റട്രൽ സ്കോളർഷിപ്പ് ലഭിച്ചിട്ടില്ല. ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫറാക്കുന്നതിലെ സാങ്കേതികസഹായത്തിന് കേന്ദ്രം വരുത്തിയ കാലതാമസമാണ് കുടിശികയുണ്ടായത്. കേന്ദ്രം ഏർപ്പെടുത്തിയ ബയോമെട്രിക്ക് പരിഷ്കരണം ഇക്കൊല്ലവും സ്കോളർഷിപ്പ് വിതരണത്തെ ബാധിക്കുന്നുണ്ടെന്നും എ.പി അനിൽകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ഹരിതകർമ്മ സേന:
10,000 രൂപ
വരുമാനമാക്കും
തിരുവനന്തപുരം: ഹരിതകർമ്മ സേനാംഗങ്ങൾക്ക് പതിനായിരം രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. പതിനായിരത്തിൽ കുറഞ്ഞ വരുമാനം തദ്ദേശസ്ഥാപനങ്ങൾ വയലിബിലിറ്റി ഗ്യാപ് ഫണ്ടായി നൽകണം. ഹരിതകർമ്മ സേനാംഗങ്ങളുടെ തൊഴിൽ,വരുമാനമാർഗ്ഗം,സുരക്ഷ എന്നിവ ഉറപ്പാക്കും. വരുമാനം ഉറപ്പാക്കാൻ യൂസർഫീസ് പിരിക്കാം. നൽകാത്തവർ കെട്ടിട നികുതിയീടാക്കാനെത്തുമ്പോൾ ഫൈൻ സഹിതം ഫീസീടാക്കാം. ഹരിതകർമ്മ സേനാംഗങ്ങൾക്ക് സൗജന്യ മെഡിക്കൽ പരിശോധനയും യുണൈറ്റഡ് ഇൻഷ്വറൻസുമായി ചേർന്ന് ഒരു ലക്ഷത്തിന്റെ ആരോഗ്യ ഇൻഷ്വറൻസുമുണ്ട്. പ്രീമിയത്തിൽ പകുതി കുടുംബശ്രീയും ബാക്കി ഹരിതകർമ്മസേനാ കൺസോർഷ്യവുമാണ് അടയ്ക്കുന്നതെന്ന് മാത്യുകുഴൽനാടന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Source link