ദിവി: കരുനീക്കത്തിൽ കേരള കരുത്ത്
ജിസ്മോൻ മാത്യു പതിനൊന്നു വയസിൽ താഴെയുള്ളവർക്കുവേണ്ടിയുള്ള 2024 ദേശീയ ചെസ് ചാന്പ്യൻഷിപ്പിന്റെ എട്ടാം റൗണ്ടിൽ തന്നെക്കാൾ 100 റേറ്റിംഗ് പോയിന്റ് കൂടിയ, ടൂർണമെന്റിലെ രണ്ടാം സീഡായ ത്രിപുരയുടെ കാൻഡിഡേറ്റ് മാസ്റ്റർ ആരാധ്യാ ദാസിനോടു കേരളത്തിന്റെ ദിവി ബിജീഷ് തോറ്റപ്പോൾ സ്വാഭാവികം എന്ന് മാത്രമായിരുന്നു ചിലരുടെയെങ്കിലും പ്രതികരണം. എന്നാൽ, ആ തോൽവിക്കുശേഷം തന്റെ പിതാവിന്റെ അടുത്തെത്തിയ ദിവി പറഞ്ഞത് ഇത്രമാത്രം, ‘അടുത്ത മൂന്നു റൗണ്ടും ഞാൻ ജയിക്കും’. ദിവി വാക്കുപാലിച്ചു, പിന്നീടുള്ള മൂന്നു റൗണ്ടും വിജയിച്ച പോയിന്റ് നിലയിൽ ഒന്നാം സീഡായ കർണാടകയുടെ പ്രതീതി ബോർഡോളായ്ക്ക് ഒപ്പമെത്തി. രണ്ടുപേർക്കും 9.5 പോയിന്റ്. എന്നാൽ, മികച്ച ടൈബ്രേക് സ്കോറുകളുടെ അടിസ്ഥാനത്തിൽ ദിവി ബിജീഷ് ദേശീയ ചാന്പ്യൻപട്ടം കരസ്ഥമാക്കി. നാലാം സീഡായെത്തിയ കേരളത്തിന്റെ ഈ കൊച്ചുമിടുക്കി 26 സംസ്ഥാനങ്ങളിൽനിന്നു മത്സരിച്ച 200 പേരെ പിന്തള്ളിയാണ് ഒന്നാമതായത്. ദിവിയുടെ നിലവിലെ ഫിഡെ റേറ്റിംഗ് 1837. ദേശീയ ചാന്പ്യൻഷിപ് ജയത്തിലൂടെ 74 റേറ്റിംഗ് പോയിന്റ് കൂടി ദിവി സന്പാദിച്ചു. തന്നോളം വലിപ്പമുള്ള ട്രോഫി കയ്യിൽവച്ചുകൊണ്ട് ഹൈദരാബാദിൽനിന്നു തിരികെ വിമാനത്തിൽ കയറുന്പോൾ അധികൃതർ ആ കുട്ടിയെ തടഞ്ഞില്ല, ട്രോഫി ലഗേജിൽ വിടണമെന്നു പറഞ്ഞുമില്ല. കാരണം, ആ കൊച്ചുകയ്യിലെ വലിയ ട്രോഫി എത്രമാത്രം ഹൃദയത്തോടു ചേർന്നതാണെന്ന് അധികൃതർക്കറിയാമായിരുന്നു.
ടെക്നോപാർക്ക് ജീവനക്കാരനായ ബിജീഷിന്റെയും പ്രഭയുടെയും മകളായ ദിവിക്ക് പ്രായം ഒന്‍പത്. കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ചെസ് താരമായ ജ്യേഷ്ഠൻ ദേവ്നാദിൽനിന്നാണ് ദിവി കരുനീക്കം പഠിച്ചത്. പത്തു വയസിൽ താഴെയുള്ളവർക്കുവേണ്ടിയുള്ള ഏഷ്യൻ യൂത്ത് ബ്ലിറ്റ്സ് ചെസ് ടീം സ്വർണം, ഏഷ്യൻ യൂത്ത് സ്റ്റാൻഡേർഡ് ഫോർമാറ്റ് ടീം വെള്ളി, വെസ്റ്റേണ്‍ ഏഷ്യൻ യൂത്ത് ബ്ലിറ്റ്സ് ചാന്പ്യൻ, ടീം വിഭാഗത്തിൽ ഫിഡെ വേൾഡ് കപ്പിൽ അഞ്ചാം സ്ഥാനം, കോമണ്‍വെൽത്ത് ചെസിൽ നാലാം സ്ഥാനം എന്നിങ്ങനെ നീളുന്നു ദിവിയുടെ അന്തർദേശീയ നേട്ടങ്ങൾ. ലോക ചാന്പ്യൻഷിപ്പുകളിൽ പോകുവാൻ ഈ കൊച്ചുമിടുക്കിക്ക് ഒരു നല്ല സ്പോണ്‍സറെ ആവശ്യമാണ്. അതുകൂടി ലഭിച്ചാൽ ദിവി കരുനീക്കത്തിൽ അദ്ഭുതങ്ങൾ കാണിക്കുമെന്നതിൽ സംശയമില്ല.
Source link