ചണ്ഡിഗഡ്: സി.കെ. നായുഡു ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഡിനെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളത്തിന്റെ തീവ്രശ്രമം. ഷോണ്‍ റോജറിന്റെ സെഞ്ചുറി മികവിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ 384 റണ്‍സ് എടുത്തു. രണ്ടാംദിനം അവസാനിക്കുന്പോൾ ചണ്ഡിഗഡ് ഒന്നാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 245 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് വിക്കറ്റിന് 325 റണ്‍സ് എന്ന നിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് 59 റണ്‍സ് കൂടി മാത്രമാണ് ചേർക്കാനായത്. 24 റണ്‍സെടുത്ത ഏദൻ ആപ്പിൾ ടോമാണ് ആദ്യം മടങ്ങിയത്.
സ്കോർ 372ൽ എത്തിയപ്പോൾ ഷോണ്‍ റോജറും പുറത്ത്. 14 ഫോറും നാലു സിക്സുമടക്കം 165 റണ്‍സ് എടുത്ത ഷോണ്‍ റോജറാണ് കേരള ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ചണ്ഡിഗഡിനുവേണ്ടി ഇവ്രാജ് രണൗട്ട് ഏഴ് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ചണ്ഡിഗഡ് ഓപ്പണിംഗ് വിക്കറ്റിൽ 92 റണ്‍സ് എടുത്തു. ദേവാംഗ് കൗശികും (83) നിഖിലുമാണ് (49) ക്രീസിൽ.
Source link