സി.പി.ഐ ഏറനാട് സീറ്റ് രണ്ട് തവണ വിറ്റു : അൻവർ
ആലപ്പുഴ : ഏറനാട് നിയമസഭാ സീറ്റ് രണ്ടു തവണ വിറ്റ പാർട്ടിയാണ് സി.പി.ഐയെന്ന് പി.വി.അൻവർ എം.എൽ.എ ആരോപിച്ചു. .
വെളിയം ഭാർഗവൻ, കാനം രാജേന്ദ്രൻ എന്നിവർ സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോഴാണ് സീറ്റ് വില്പന നടത്തിയത്. വെളിയം ഭാർഗവനെ ലീഗ് നേതൃത്വം കൊല്ലത്ത് വച്ച് നേരിട്ട് കണ്ട് സ്വാധീനിച്ചു. 25ലക്ഷം രൂപ സി.പി.ഐയുടെ ഫണ്ടിലേക്ക് സംഭാവന നൽകി. അന്ന് ഇത് പറഞ്ഞപ്പോൾ തനിക്കെതിരെ വക്കീൽ നോട്ടീസയച്ചു.പണം വാങ്ങിയ സ്ഥലം, കൊണ്ടുപോയ ഡ്രൈവർ അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി നൽകിയ മറുപടിയിൽ ആരോപണം തെളിയിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയപ്പോൾ സി.പി.ഐ അനങ്ങിയില്ല.
ഇത്തവണയും ഏറനാട് സീറ്റ് സി.പി.ഐ പേയ്‌മെന്റ് സീറ്റാക്കി. എ.പി ഉസ്താദ് നിർദ്ദേശിച്ച സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞ് മലപ്പുറത്തെ അണികളെ സി.പി.ഐ സംസ്ഥാന നേതൃത്വം പറ്റിച്ചു. ഇത് തെറ്റാണെങ്കിൽ വക്കീൽ നോട്ടീസ് അയക്കണമെന്നും പരസ്യ സംവാദത്തിന് സി.പി.ഐ നേതൃത്വത്തെ വെല്ലുവിളിക്കുന്നതായും അൻവർ പറഞ്ഞു.
2021ലെ സി.പി.ഐ സ്ഥാനാർത്ഥി ആരാണെന്ന് നാട്ടുകാർക്കു പോലും അറിയില്ലായിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആനിരാജ മത്സരിച്ചപ്പോൾ നേതാക്കൾ പിരിച്ച പണത്തിൽ നിന്ന് ഒരു രൂപയും തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് നൽകിയില്ല. അവസാനം സി.പി.എം തിരഞ്ഞെടുപ്പ് പ്രവർത്തനം ഏറ്റെടുത്തു. ഒരു ബൂത്തിൽ 2500 രൂപ മാത്രമാണ് നൽകിയത്. മന്ത്രി കെ.രാജൻ പി.പി.സുനീർ, മലപ്പുറം ജില്ലാ സെക്രട്ടറി അടക്കമുള്ളവർ ക്വാറി മുതലാളിമാരിൽ നിന്ന് കോടികൾ പിരിച്ചു.സി.പി.ഐ നേതാക്കൾ കാട്ടുകള്ളന്മാരും, സി.പി.എമ്മിനെ കുറ്റംപറഞ്ഞ് നടക്കുന്ന ഇത്തിൾക്കണ്ണികളുമാണ്.പിണറായി വിജയന്റെ അനിയനാണ് ബിനോയ് വിശ്വമെന്നും അൻവർ പറഞ്ഞു.
Source link