വയനാട് പുനരധിവാസം: സർക്കാർ താത്പര്യം കാട്ടുന്നില്ലെന്ന് പ്രതിപക്ഷം; നിഷേധിച്ച് മന്ത്രിമാർ

തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാർ തുടക്കത്തിൽ കാട്ടിയ ഉത്സാഹം ഇപ്പോഴില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. കേന്ദ്ര സഹായം നേടിയെടുക്കാനാകുന്നില്ല, ടൗൺഷിപ്പിന് സ്ഥലം ഏറ്റെടുക്കുന്നതിൽ കാലതാമസം, പ്രഖ്യാപിച്ച സഹായങ്ങൾ ദുരിത ബാധിതർക്ക് നൽകിയില്ലെന്നും കൽപറ്റ എം.എൽ.എകൂടിയായ ടി.സിദ്ദിഖ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ കുറ്റപ്പെടുത്തി.
ഇന്നലെ 12 മുതൽ മൂന്ന് മണിക്കൂർ വയനാട് പുനരധിവാസം ചർച്ച ചെയ്തു.
പ്രകൃതി ദുരന്തങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ലെന്നും പിന്നാക്ക, സംസ്ഥാനമായ ഒഡീഷ പോലും ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ മുൻകരുതലെടുക്കുമ്പോൾ, കേരളം ഉഴപ്പുകയാണെന്നും സിദ്ധിക്ക് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വന്നിട്ടും സഹായം വന്നില്ല. പ്രധാനമന്ത്രി ഫോട്ടോ ഷൂട്ട് നടത്തിപോകുകയായിരുന്നു.കർണാടകത്തിൽ ദുരന്തത്തിലകപ്പെട്ട അർജുനെ രക്ഷിക്കാൻ 72ദിവസം തിരച്ചിൽനടത്തി.എന്നാൽ വയനാട്ടിൽ മണ്ണിനടിയിൽ പോയ 47പേരെ ഇനിയും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസത്തിൽ ഒരുവീഴ്ചയുമില്ലെന്നും തിരച്ചിൽ നടത്താൻ ആവശ്യപ്പെട്ടാൽ സർക്കാർ ഇപ്പോഴും സന്നദ്ധമാണെന്നും മറുപടി പറഞ്ഞ റവന്യുമന്ത്രി വ്യക്തമാക്കി. പുനരധിവാസ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണെന്ന് മന്ത്രി കേളവും കേന്ദ്രസഹായം ലഭ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.പ്രശ്നത്തിൽ ഹൈക്കോടതിയും ഇടപെട്ടിട്ടുണ്ട്. ദുരന്തങ്ങൾ മുൻകൂട്ടിയറിയാൻ ശാസ്ത്രീയ സംവിധാനങ്ങൾ സ്ഥാപിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാഗ്ദാനങ്ങളുടെ പെരുമഴ ഉണ്ടായെന്നും അവസാനംവന്നപ്പോൾ ഇരുട്ടിൽ നിൽക്കുന്ന സ്ഥിതിയാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു .കടം എഴുതിതള്ളുമെന്ന് പറഞ്ഞിട്ട് നടന്നില്ല.പുനരധിവാസത്തിന് സ്ഥലംകിട്ടാൻ എന്താണ് തടസമെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.സർക്കാരിനെ വിമർശിക്കാനല്ല പ്രമേയം കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് വന്നാൽ വയനാട് പുനരധിവാസം പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങുമെന്ന് ആശങ്കയുണ്ട്. നടപടികൾ വേഗത്തിലാക്കണം. പ്രതിപക്ഷം കൂടെയുണ്ടാകും.അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസഫണ്ട് സമാഹരണത്തെ രാഷ്ട്രീയമായി എതിർത്തത് ശരിയായില്ലെന്ന് കെ.കെ.ശൈലജയും പ്രധാനമന്ത്രി ഫോട്ടോഷൂട്ട് നടത്തിപ്പോയിട്ടും സഹായമെത്തിയില്ലെന്ന് ഇ.കെ.വിജയനും പറഞ്ഞു. പുനരധിവാസപ്രവർത്തനങ്ങൾക്ക് കൂടുതൽ ഏകോപനമുണ്ടാകണമെന്ന് ഐ.സി.ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കേന്ദ്രഅവഗണനയെ ഒരുമിച്ച് നേരിടണമെന്ന് മോൻസ് ജോസഫ് പറഞ്ഞു.എം.പി.ഫണ്ട് പുനരധിവാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ എം.പി.മാർ ശ്രമിക്കണമെന്ന് പി.ടി.എ.റഹീം പറഞ്ഞു.പുത്തുമലയിലും കവളപ്പാറയിലുമുണ്ടായ ഉദാസീനത വയനാടുണ്ടാകരുതെ് കെ.കെ.രമ പറഞ്ഞു. കേന്ദ്രസഹായം നേടിയെടുക്കാൻ കൂട്ടായി ശ്രമിക്കണമെന്ന് കെ.പി.കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ,എൻ.ജയരാജ്, കെ.പി.മോഹനൻ,കെ.വി.സുമേഷ് എന്നിവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയം സിദ്ദിഖ് പിൻവലിച്ചു.
Source link