തുന്പ: ബംഗ്ലാദേശിനെതിരായ സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയുടെ രണ്ടാംനാളിൽ തുന്പയിൽ കേരളത്തിന്റെ വെടിക്കെട്ട്. 2024-25 സീസണ് രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെതിരേ ജയം കുറിച്ചു. ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയശേഷം ശക്തമായി തിരിച്ചെത്തിയ കേരളം വെടിക്കെട്ട് ബാറ്റിംഗിലൂടെയായിരുന്നു വെന്നിക്കൊടി പാറിച്ചത്. എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. സ്കോർ: പഞ്ചാബ് 194, 142. കേരളം 179, 158/2. പഞ്ചാബിനെ വീഴ്ത്തിയ ബൗളിംഗ് ചതുർദിന മത്സരത്തിന്റെ ആദ്യദിനം പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് 95/5 എന്നതായിരുന്നു. മഴയെത്തുടർന്ന് ആദ്യദിനം 39 ഓവർ മാത്രമായിരുന്നു മത്സരം നടന്നത്. 180/9 എന്ന നിലയിൽ പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കാതെ രണ്ടാംദിനവും ഇരുൾപരന്നു. മൂന്ന്, നാല് ദിനങ്ങളിലായിരുന്നു ശരിക്കും കളി അരങ്ങേറിയത്. 194ൽ പഞ്ചാബ് പുറത്തായതും മറുപടിക്കിറങ്ങിയ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 179ൽ അവസാനിച്ചതും മൂന്നാംദിനം. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 23 റണ്‍സ് എന്ന നിലയിലായിരുന്നു പഞ്ചാബ് മൂന്നാംദിനം അവസാനിപ്പിച്ചത്. നാലാംദിനം പൊരുതിനിന്ന് ഒന്നാം ഇന്നിംഗ്സ് ലീഡിലൂടെ ലഭിക്കുന്ന പോയിന്റ് സ്വന്തമാക്കി മടങ്ങാമെന്ന പഞ്ചാബി സ്വപ്നം സഫലമായില്ല. നാലാംദിനം കളി തുടങ്ങി ആറാം ഓവറിൽ ക്രിഷ് ഭഗത്തിനെ (5) ബാബ അപരാജിത് മടക്കി. നേഹൽ വധേരയെയും (12) ബാബ അപരാജിത് ക്ലീൻ ബൗൾഡാക്കി. എന്നാൽ, ആറാം വിക്കറ്റിൽ ഒത്തു ചേർന്ന അൻമോൽപ്രീത് സിംഗും (37) ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിംഗും (51) പഞ്ചാബിനു പ്രതീക്ഷ നൽകി. ഇരുവരും 71 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പ്രഭ്സിമ്രാനെ പുറത്താക്കി ജലജ് സക്സേന കേരളത്തെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. തുടർന്ന് 21 റണ്‍സിനിടെ പഞ്ചാബിന്റെ ശേഷിച്ച നാലു വിക്കറ്റുകൾ കേരള ബൗളർമാർ പിഴുതു. ആദിത്യ സർവാതെയും ബാബ അപരാജിത്തും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രണ്ടു വിക്കറ്റ് ജലജ് സക്സേന സ്വന്തമാക്കി.
കേരള ആക്രമണം 158 റണ്‍സായിരുന്നു കേരളത്തിന്റെ മുന്നിലെ വിജയ ലക്ഷ്യം. ട്വന്റി-20 ശൈലിയിൽ ബാറ്റ് ചലിപ്പിച്ച രോഹൻ കുന്നുമ്മലിന്റെ ആക്രമണം കേരളത്തെ ജയത്തിലേക്കടുപ്പിച്ചു. 36 പന്തിൽ നാലു ഫോറും രണ്ടു സിക്സും അടക്കം 48 റണ്‍സ് അടിച്ചെടുത്തശേഷമാണ് രോഹൻ പുറത്തായത്. ക്യാപ്റ്റൻ സച്ചിൻ ബേബിയും (56) രോഹൻ കുന്നുമ്മലും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 13 ഓവറിൽ 73 റണ്‍സ് നേടി. സ്കോർ 148ൽ എത്തിയപ്പോഴാണ് സച്ചിൻ ബേബി പുറത്തായത്. ബാബ അപരാജിതും (39) സൽമാൻ നിസാറും (7) പുറത്താകാതെ നിന്നു. 18നു ബംഗളൂരുവിൽ കർണാടകയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. അതിഥി ദേവോ ഭവഃ… രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ 2024-25 സീസണിൽ എലൈറ്റ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ കേരളം ജയിച്ചത് അതിഥി താരങ്ങളുടെ നിർണായക പ്രകടനത്തിലൂടെ. ഒന്നാം ഇന്നിംഗ്സിൽ മുഹമ്മദ് അസ്ഹറുദീനും (38) രണ്ടാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ സച്ചിൻ ബേബി (56), രോഹൻ കുന്നുമ്മൽ (48) എന്നീ മലയാളികൾ ബാറ്റിംഗിൽ ശോഭിച്ചെങ്കിലും മത്സരത്തിൽ പഞ്ചാബിന്റെ 20 വിക്കറ്റും പങ്കിട്ടെടുത്തത് കേരളത്തിന്റെ അതിഥി താരങ്ങളാണ്. മഹാരാഷ്ട്ര സ്വദേശിയായ ആതിത്യ സർവാതെ, മധ്യപ്രദേശ് സ്വദേശിയായ ജലജ് സക്സേന, തമിഴ്നാട് സ്വദേശിയായ ബാബ അപരാജിത് എന്നിവരായിരുന്നു കേരളത്തിനുവേണ്ടി ഇറങ്ങിയ അതിഥി താരങ്ങൾ. പഞ്ചാബിന്റെ ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റിൽ ആതിത്യയും ജലജ് സക്സേനയും അഞ്ച് എണ്ണം വീതം പങ്കിട്ടു. രണ്ടാം ഇന്നിംഗ്സിൽ ആദിത്യ, ബാബ അപരാജിത് എന്നിവർ നാലു വീതവും ജലജ് രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ബാബ അപരാജിത് 39 നോട്ടൗട്ടുമായി ബാറ്റിംഗിലും അപരാജിതനായിരുന്നു എന്നതും ശ്രദ്ധേയം. രണ്ട് ഇന്നിംഗ്സിലുമായി ഒന്‍പതു വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവതെയാണ് പ്ലെയർ ഓഫ് ദ മാച്ച്.
Source link