കോട്ടയം: കോട്ടയം നഗരസഭയിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ. കൊല്ലം കരിക്കോട് വയലിൽ പുത്തെൻവീട്ടിൽ ശ്യാം കുമാർ (37) നെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോട്ടയം മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി.വർഗീസ് വ്യാജ പെൻഷൻ അക്കൗണ്ട് നിർമ്മിച്ച് രണ്ടരക്കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് അഖിൽ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരവേയാണ് മുഖ്യപ്രതിയുടെ ബന്ധുകൂടിയായ ശ്യാംകുമാറിനെ യുവാവിന് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തതിൽ പിടിയിലായത്. ഇയാൾ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് അഖിലിന് പുതിയ സിം കാർഡ് എടുത്തു നൽകി. കൂടാതെ ഇയാൾക്ക് ഒളിവിൽ താമസിക്കുന്നതിന് വേണ്ട സൗകര്യങ്ങളും ചെയ്തു കൊടുത്തതായും പൊലീസ് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സാജു വർഗീസ്, എസ്.ഐമാരായ അജയ് ഘോഷ്, ഹരിപ്രസാദ്, അനിൽകുമാർ, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഒമാരായ ശ്യാം, മജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Source link