മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്, കത്തിന് നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലെന്ന് ഗവർണർ
തിരുവനന്തപുരം : തന്റെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിശദീകരണത്തിൽ നിറയെ വൈരുദ്ധ്യങ്ങളെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാദ്ധ്യമങ്ങളുടെ മുമ്പിൽ മുഖ്യമന്ത്രിയുടെ കത്ത് പരസ്യമായി വായിച്ചായിരുന്നു ഗവർണറുടെ വിമർശനം.
മുഖ്യമന്ത്രി നൽകിയ വിശദീകരണം മനസിലാകുന്നില്ലെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തിൽ പറയുന്നത്. അദ്ദേഹത്തെ താൻ വിശ്വസിക്കാം. പക്ഷേ അതേ കത്തിൽ സംസ്ഥാനത്തെ സ്വർണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിച്ചപ്പോഴാണ് മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായത്. ഇത് ഗൗരവമുള്ള കാര്യമാണ്, മുഖ്യമന്ത്രി രാജ്‌ഭവനിലേക്ക് വരാൻ തയ്യാറാകുന്നില്ല എന്നത് കൂടാതെ മറ്റുള്ളവരെ വരാൻ അനുവദിക്കുന്നുമില്ല. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിലേക്ക് വരണ്ടെന്നും ഗവർണർ വ്യക്തമാക്കി.
രാജ്യത്തിനെതിരായ കുറ്റകൃത്യം മറ്റൊരു വകുപ്പാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. ഇതൊരു സാധാരണ ക്രമസമാധാന പ്രശ്നമല്ല, സാധാരണമായി കൈകാര്യം ചെയ്യേണ്ട ഒന്നുമല്ല. അതു കൊണ്ടാണ് ചീഫ് സെക്രട്ടറിയോടും ഡി.ജി,പിയോടും നേരിട്ട് ഹാജരാകാൻ പറഞ്ഞത്. ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക എന്നത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും എന്നാൽ തന്റെ കത്തിന് മുഖ്യമന്ത്രി വിവരം നൽകാൻ തയ്യാറായില്ലെന്നും താൻ എന്താ ചെയ്യുക എന്നും ഗവർണർ പറഞ്ഞു.
Source link