മാസപ്പടിക്കേസ്: വീണയുടെ മൊഴിയെടുത്തു, മുഖ്യമന്ത്രി പ്രതിരോധത്തിൽ

എസ്.എഫ്.ഐ.ഒ ല ചെന്നൈ ഓഫീസിൽ
ഹാജരായത് ഒക്ടോ.9ന്
ചെന്നൈ: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴി എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച (ഒക്ടോബർ 9) ചെന്നൈയിൽ
ഇൻവെസ്റ്റിഗേഷൻ ഓഫീസറായ
എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദ് മുമ്പാകെയാണ് ഹാജരായത്. കേസെടുത്ത് 10 മാസത്തിനുശേഷമാണ് നടപടി.
ഇതോടെ എ.ഡി.ജി.പി വിവാദത്തിൽ പ്രതിപക്ഷ ആക്രമണം നേരിടുന്ന മുഖ്യമന്ത്രി, കൂടുതൽ പ്രതിരോധത്തിലായി.മൂന്ന് ഉപതിരഞ്ഞെപ്പുകൾ അടുത്തിരിക്കെ, പ്രതിപക്ഷത്തിന് മൂർച്ചയുള്ള ആയുധമായി.ഇന്നും നാളെയും നിയമസഭാസമ്മേളനത്തിലും പ്രതിപക്ഷം ആയുധമാക്കും.
ചെയ്യാത്ത സേവനത്തിന് സി.എം.ആർ.എല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്നാണ് കേസ്. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയാൻ വീണ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
സി.എം.ആർ.എല്ലിൽ പങ്കാളിത്തമുള്ള സർക്കാർ സ്ഥാപനമായ
കെ.എസ്.ഐ.ഡി.സിയുടെ ചീഫ് ഫിനാൻസ് ഓഫിസർ കെ.അരവിന്ദാക്ഷന്റെ മൊഴി ഒക്ടോബർ മൂന്നിന് എസ്.എഫ്.ഐ.ഒ രേഖപ്പെടുത്തിയിരുന്നു.ഏതാനും സാമ്പത്തികവർഷങ്ങളിലെ റിപ്പോർട്ടുകൾ അടക്കമുള്ള രേഖകളും അദ്ദേഹം ഹാജരാക്കിയിരുന്നു. ഈ രേഖകളുടെ കൂടി പിൻബലത്തിലാണ് വീണയുടെ മൊഴിയെടുത്തത്.
ജനുവരിയിലാണ് വീണയുടെ കമ്പനിയുടെ ദൂരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള എസ്.എഫ്.ഐ.ഒയെ ചുമതലപ്പെടുത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.
`രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാടിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ല. മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചാൽ പാർട്ടി പ്രതിരോധിക്കും.’
എം.വി. ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
(ഇന്നലെ കണ്ണൂരിൽ പറഞ്ഞത്)
`ചോദ്യംചെയ്യലിൽ പുതുമയുള്ളതായി ഒന്നുമില്ല. രാഷ്ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും നേരത്തെതന്നെ പറഞ്ഞതാണ്.’
– മുഹമ്മദ് റിയാസ്,
പൊതുമരാമത്ത് മന്ത്രി
Source link