വണ്ടിയാകുമ്പോൾ തട്ടും, ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് ബൈജു; അപകടസമയത്ത് കൂടെയുണ്ടായിരുന്നത് താനല്ലെന്ന് മകൾ
തിരുവനന്തപുരം: നടൻ ബൈജു മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പ്രതികരിച്ച് മകൾ ഐശ്വര്യ സന്തോഷ്. അമിതവേഗത്തിൽ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം മകൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് നിഷേധിച്ചിരിക്കുകയാണ് ഐശ്വര്യ. അപകടസമയം താനല്ല, അച്ഛന്റെ കസിന്റെ മകളായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതെന്ന് താരപുത്രി പ്രതികരിച്ചു.
‘കാർ അപകടം നടക്കുമ്പോൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തി ഞാനല്ല.അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ സ്റ്റോറി പോസ്റ്റ് ചെയ്തത്.’ – എന്നാണ് താരപുത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് വെള്ളയമ്പലം ജംഗ്‌ഷനിൽ ഇന്നലെ അർദ്ധരാത്രിയാണ് നടൻ അപകടമുണ്ടാക്കിയത്. വെള്ളയമ്പലത്ത് നിന്നും സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു ബൈജു. യാത്രാമദ്ധ്യേ കവടിയാർ ഭാഗത്തുനിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു.
റോഡ് പണിയെ തുടർന്ന് ബാരിക്കേഡ് അടക്കം വച്ചിരുന്നത് കണ്ട് വാഹനം തിരിക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാർ ആദ്യം ട്രാഫിക് ഐലന്റിലെ പോസ്റ്റിലും തുടർന്ന് തൊട്ടടുത്ത് മറ്റൊരു പോസ്‌റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിൽ മ്യൂസിയം പൊലീസ് നടനെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിടുകയായിരുന്നു.
അതേസമയം, സംഭവം റിപ്പോർട്ട് ചെയ്ത സ്വകാര്യ ചാനൽ ജീവനക്കാരോട് നടൻ ദേഷ്യപ്പെട്ടു. ‘സംഭവം എന്താണ്? വണ്ടിയാകുമ്പോൾ തട്ടും, കുഴപ്പമെന്താ. നിങ്ങൾക്ക് അതൊക്കെ വല്യ വാർത്തയാണോ. ഇതൊന്നും കണ്ട് ഞാൻ പേടിക്കില്ല. വേറെ ആളെ നോക്കണം.’- എന്നാണ് ബൈജു പറഞ്ഞത്.
Source link