കാലിഫോര്‍ണിയ: അമേരിക്കന്‍ മുന്‍ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വേദിക്ക് പുറത്ത് വെച്ച് ആയുധധാരി പിടിയിലായത് ആശങ്ക പടര്‍ത്തി. കാലിഫോര്‍ണിയ സംസ്ഥാനത്തെ കോചെല്ലയില്‍ നടന്ന പ്രചാരണ വേദിയുടെ പുറത്ത് വെച്ച് ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് വേദിയിലേക്കുള്ള കൃത്രിമ പാസുകളും കണ്ടെടുത്തിട്ടുണ്ട്. ട്രംപിനെതിരായ മറ്റൊരു വധശ്രമമാണ് തങ്ങള്‍ തടഞ്ഞിരിക്കുന്നതെന്ന് റിസര്‍സൈഡ് കൗണ്ടി ഷെരിഫ് ചാഡ് ബിയങ്കോ പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെം മില്ലര്‍ എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് ഒരു തിര നിറച്ച ഷോട്ട് ഗണ്ണും പിസ്റ്റളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ പ്രസ് ഐഡിയും പ്രവേശന പാസും ഇയാള്‍ ധരിച്ചിരുന്നു. 49കാരനായ മില്ലര്‍ ലാസ് വേഗസ് സ്വദേശിയാണ്. ഇയാള്‍ തീവ്ര വലത്-സര്‍ക്കാര്‍ വിരുദ്ധ സംഘടനയുടെ ഭാഗമാണെന്ന് പോലീസ് വ്യക്തമാക്കി. കറുത്ത എസ്.യുവിയിലെത്തിയ ഇയാളെ റാലി നടക്കുന്ന വേദിയുടെ ഒരു മൈല്‍ അകലെയുള്ള ചെക്ക് പോയന്റില്‍ വെച്ചാണ് പിടികൂടിയത്.
Source link