വോട്ടെടുപ്പില്‍ വിജയിച്ചിട്ടും തോറ്റുപോയ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍; കാരണം ഇലക്ട്രല്‍ കോളേജ്

2016ല്‍ ഹിലരി ക്ലിന്റന്റെ മുഖത്തുകണ്ട കണ്ണീരും രണ്ടായിരത്തില്‍ അല്‍ ഗോറിന്റെ മുഖത്തുണ്ടായ നിരാശയും ലോകം ഇന്നുമോര്‍ക്കുന്നു. ജനകീയ വോട്ടില്‍ വിജയിച്ചവരായിട്ടും ഇലക്ടറല്‍ കോളേജ് കാരണം ഡൊണാള്‍ഡ് ട്രംപിനും ജോര്‍ജ് ബുഷിനും മുന്‍പില്‍ ഈ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് അടിയറവു പറയേണ്ടിവന്നു, ഇരുവരും തോല്‍വിയുടെ രുചിയറിഞ്ഞു. ആ തോല്‍വികള്‍ യു.എസിലെ സവിശേഷമായ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ തെളിവാണ്. അതു മനസ്സിലാക്കാന്‍, യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സങ്കീര്‍ണതകള്‍ അറിയണം.ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പായ പ്രൈമറികളിലും കോക്കസുകളിലുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആരംഭം. തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തിലെ ജനുവരിയിലോ ഫെബ്രുവരിയിലോ ഇവ തുടങ്ങും. രാജ്യത്തെ രണ്ടു പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍-ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍-എല്ലാ സംസ്ഥാനങ്ങളില്‍ നടത്തുന്ന മത്സരങ്ങളില്‍നിന്ന് വോട്ടര്‍മാര്‍ പ്രതിനിധികളെ (ഡെലിഗേറ്റ്സ്) തിരഞ്ഞെടുക്കുന്നു. ഭൂരിപക്ഷം പ്രതിനിധികളെ നേടുന്നയാള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നു. പാര്‍ട്ടികളുടെ ദേശീയസമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളാണ് ഈ സമ്മേളനങ്ങളില്‍ അവരെ പ്രതിനിധാനംചെയ്യുക.
Source link