കാണാതായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ആറ്റിൽ മരിച്ച നിലയിൽ

വൈക്കം: കാണാതായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ മൂവാറ്റുപുഴയാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ഓഫീസിൽ എ.ഇ.ഒയുടെ അധികചുമതല വഹിക്കുന്ന സീനിയർ സൂപ്രണ്ട് കുലശേഖരമംഗലം പുറ്റ്നാൽപാടത്ത് ശ്യാംകുമാറാണ് (52) മരിച്ചത്. ജോലി സമ്മർദ്ദം മൂലം ശ്യാംകുമാർ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 10.30വരെ വീട്ടിലിരുന്ന് ഓഫീസ് ജോലികൾ ഓൺലൈനിൽ ചെയ്യുകയായിരുന്ന ശ്യാംകുമാറിനെ പുലർച്ചെ അഞ്ചോടെയാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 4.45ന് വീടിനു രണ്ടുകിലോമീറ്റർ അകലെ നിർമ്മാണത്തിലിരിക്കുന്ന അക്കരപ്പാടം പാലത്തിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രണ്ടുമാസം മുമ്പാണ് ശ്യാംകുമാറിന് എ.ഇ.ഒയുടെ അധിക ചുമതല നൽകിയത്. രണ്ട് ജോലികൾ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്തതിനാൽ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കൃത്യതയോടെ ജോലി പൂർത്തിയാക്കാൻ കഴിയാത്തതിൽ മനോവിഷമം ഉണ്ടായിരുന്നു. എ.ഇ.ഒമാരുടെ പുതിയ നിയമന ലിസ്റ്റ് വന്നപ്പോൾ വൈക്കത്ത് പകരം ആളെ നിയമിക്കാത്തതിലും വിഷമം ഉണ്ടായിരുന്നു. വി.ആർ.എസ് എടുക്കുന്നതിനെക്കുറിച്ച് ശ്യാംകുമാർ ആലോചിച്ചിരുന്നതായും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. സമർത്ഥനായ ഉദ്യോഗസ്ഥനായിരുന്നു ശ്യാംകുമാറെന്ന് സഹപ്രവർത്തകർ പറയുന്നു.

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ദീപ (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്). മക്കൾ: ജ്യോതിക, ജെബിൻ, ജയന്ത് (മറവന്തുരുത്ത് ടി.ജി.എം വിദ്യാനികേതൻ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ). പിതാവ്: കെ.ബാഹുലേയൻ (റിട്ട. വി.ഇ.ഒ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം). മാതാവ്: സബിത (റിട്ട. അദ്ധ്യാപിക).


Source link
Exit mobile version