മത്സ്യത്തൊഴിലാളികൾക്ക് ശുക്രനുദിച്ചു,​ കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ തലസ്ഥാനത്ത് വിജയിച്ച പദ്ധതി 96 ഗ്രാമങ്ങളിലും നടപ്പാക്കും

കണ്ണൂർ: സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യലഭ്യതയും വരുമാന വർദ്ധനവും ലക്ഷ്യമിട്ട് തീരക്കടലിൽ കൃത്രിമപാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ടം കണ്ണൂർ ജില്ലയിലുൾപ്പെടെ നടപ്പാക്കാൻ ഒരുങ്ങുന്നു. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതർ.

പദ്ധതിയുടെ മൂന്നാംഘട്ടം മലപ്പുറം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലെ 96 മത്സ്യഗ്രാമങ്ങളിലായി നടപ്പാക്കുന്നതിന് 25.82 കോടി രൂപയുടെ പ്രൊപ്പോസൽ അംഗീകാരത്തിനായി കേന്ദ്രസർക്കാരിലേക്ക് സമർപ്പിച്ചു കഴിഞ്ഞു. കേന്ദ്രത്തിന്റെ അനുമതി ലഭ്യമാകുന്നതോടെ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ആശ്വാസമായി ജില്ലയിലുൾപ്പെടെ കൃതിമപാർ പദ്ധതി നടപ്പിലാകും.

നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. പദ്ധതിയുടെ രണ്ടാംഘട്ടം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലയിലെ 96 മത്സ്യഗ്രാമങ്ങളിലായി നടപ്പാക്കുന്നതിനുള്ള 29.76 കോടിയുടെ പ്രൊപ്പോസലും കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

2011-12 സാമ്പത്തിക വർഷം മുതലാണ് പദ്ധതി ആരംഭിച്ചത്. 2022 വരെ തിരുവനന്തപുരം ജില്ലയിലെ 16 മത്സ്യഗ്രാമങ്ങളിലായി 4190 കൃത്രിമപാരുകളാണ് നിക്ഷേപ്പിച്ചത്. പദ്ധതിക്ക് 2022-23 വർഷം 13.02 കോടിയുടെ കൂടി അനുമതി ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ തിരഞ്ഞെടുത്ത 22 മത്സ്യഗ്രാമങ്ങളുടെ തീരക്കടലിൽ 42 ലോക്കേഷനുകളിലായി 6300 കൃത്രിമപാരുകളും നിക്ഷേപിച്ചു.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ കീഴിൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് (സി.എം.എഫ്.ആർ.ഐ) കൃത്രിമ ആവാസവ്യവസ്ഥകൾ നിർമ്മിക്കുന്നത്. പദ്ധതിയുടെ ചെലവിനുള്ള 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുക.

കൃത്രിമപാരുകൾ

പ്രത്യേക ശാസ്ത്രീയ മാതൃകയിൽ നിർമ്മിക്കുന്നതാണ് കൃത്രിമപാര്. തീരക്കടലിൽ നിക്ഷേപിക്കുന്ന പാരുകൾ സസ്യ-ജന്തുജാലങ്ങൾ തഴച്ചുവളരാനും മീനുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കാനും വഴിയൊരുക്കും. മത്സ്യത്തൊഴിലാളികൾക്ക് പരിശീലനവും സാങ്കേതിക നിർദ്ദേശം നൽകാനുമുള്ള ചുമതല സി.എം.എഫ്.ആർ.ഐക്കാണ്.

തീരക്കടലിൽ കൃത്രിമപാരുകൾ നിക്ഷേപിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന കൃത്രിമമായ ആവാസ വ്യവസ്ഥ വഴി ലഭിക്കുന്ന മത്സ്യങ്ങളെ കൂടാതെ പദ്ധതി പ്രകാരം നിക്ഷേപിക്കപ്പെടുന്ന വാണിജ്യ പ്രാധാന്യമേറിയ മത്സ്യകുഞ്ഞുങ്ങൾ കൂടി ആകുമ്പോൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അധികമായി മത്സ്യങ്ങൾ ലഭിക്കുകയും അതിലൂടെ അവർക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാകുമെന്നതുമാണ് പദ്ധതിയുടെ പ്രാധാന്യം.


Source link
Exit mobile version