പുതുതായി ഒന്നുമില്ല: റിയാസ്

കോഴിക്കോട്: വീണയുടെ ചോദ്യം ചെയ്യലിൽ പുതുമയുള്ളതായിട്ടൊന്നുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് കോഴിക്കോട്ട് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല.
എന്തൊക്കെ പ്രചാരണമാണ് നടന്നത്. തൃശൂർ സീറ്റിനുവേണ്ടി ചില ഒത്തുതീർപ്പ് നടന്നു എന്ന് പ്രചരിപ്പിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബി.ജെ.പിയും-ആർ.എസ്.എസുമായി ഒത്തുതീർപ്പ് നടത്തുന്നു എന്ന് പ്രചരിപ്പിച്ചു. ആ പ്രചാരണം നടത്തിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്? കേസിന്റെ രാഷ്ട്രീയ വശങ്ങളെല്ലാം നേരത്തെ പറഞ്ഞതാണ്. രാഷ്ട്രീയ അജൻഡ ഉണ്ടെന്നത് നേരത്തെ ചർച്ച ചെയ്തതാണ്. പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. ആ നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്. ഒരു വിഷയത്തിലും ഒളിച്ചോടില്ല. താൻ നിങ്ങളുടെ മുമ്പിൽ തന്നെയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം കരുവന്നൂർ എന്ന് കേട്ടിട്ടില്ല. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ഈ നടപടി, കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കാണിച്ച അതേ അഭ്യാസം തന്നെയാണ്.
-വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ്
മാസപ്പടി കേസുമായി മുന്നോട്ട് പോകുന്നത് ഗൃഹപാഠം ചെയ്തിട്ടാണെന്നും മുഖ്യമന്ത്രിയിലേയ്ക്ക് അടക്കം അന്വേഷണം വരും. വീണാ വിജയൻ ഒരു ഫാക്ടർ അല്ല. മുഖ്യമന്ത്രിയുടെ മകൾ, റിയാസിന്റെ ഭാര്യ എന്നീ നിലയിലാണ് പണമിടപാട് നടത്തിയിരിക്കുന്നത്. സി.പി.എം - ബി.ജെ.പി ബന്ധം എന്ന പ്രചാരണത്തിന് മറുപടിയാണ് വീണയുടെ ചോദ്യം ചെയ്യലും.
-ഷോൺ ജോർജ്
പരാതിക്കാരൻ
കേന്ദ്രത്തിന്റെ നടപടികളെല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണയെ സഹായിക്കാനുള്ളതാണ്. തെളിവുണ്ടായിട്ടും ഗൗരവമുള്ള ഒരു നടപടിയും കേന്ദ്രം എടുത്തില്ല. എസ്.എഫ്.ഐ.ഒ വീണയുടെ മൊഴി രേഖപ്പെടുത്തിയതിൽ വലിയ പ്രതീക്ഷയില്ല. എസ്.എഫ്.ഐ.ഒ റിപ്പോർട്ട് വീണയ്ക്ക് അനൂകൂലമായാലും പ്രതികൂലമായലും കോടതിയിൽ ചോദ്യം ചെയ്യപ്പെടും.
-മാത്യു കുഴൽനാടൻ
എം.എൽ.എ.
Source link