നിങ്ങൾ സ്റ്റാർ ആകുമെന്നു പറഞ്ഞ് അഡയാറിലേക്ക് പറഞ്ഞു വിട്ട ആ പെൺകുട്ടി; രജനികാന്ത് ഇപ്പോഴും കാത്തിരിക്കുന്ന നിമ്മി എവിടെ?
സമാനതകളില്ലാത്ത ഉയരങ്ങളില്‍ എത്തി നില്‍ക്കുമ്പോഴും ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന സ്‌നേഹസമ്പന്നായ മനുഷ്യന്‍. ലാളിത്യം മുഖമുദ്രയാക്കിയ ജീവിതശൈലി. രജനികാന്തിനെ ഒറ്റ വാചകത്തില്‍ ഇങ്ങനെ നിര്‍വചിക്കാമെന്ന് തോന്നുന്നു. രജനിയെക്കുറിച്ച് ഒരു മലയാള നടന്‍ പറഞ്ഞ അനുഭവ കഥയുണ്ട്. അദ്ദേഹത്തിന് ആദ്യമായി രജനിക്കൊപ്പം ഒരു തമിഴ് പടത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നു. രജനിയെ പോലെ ഒരു വമ്പന്‍ താരത്തിനൊപ്പം സെറ്റില്‍ വരുമ്പോള്‍ അതിന്റേതായ പത്രാസ് കാണിക്കേണ്ടതുണ്ട്. കോടികള്‍ പ്രതിഫലം വാങ്ങുന്ന രജനിക്കൊപ്പം പിടിച്ചു നില്‍ക്കാനുളള എല്ലാ ആഡംബരങ്ങളും നടന്‍ ഒരുക്കി.
ആദ്യമായി സെറ്റില്‍ ചെന്നിറങ്ങുമ്പോഴുളള പ്രശ്‌നം പരിഹരിക്കണം. രജനി കോടികള്‍ വില വരുന്ന കാറില്‍ വന്നിറങ്ങുമ്പോള്‍ താന്‍ സാധാരണ കാറില്‍ വന്നാല്‍ മോശമല്ലേ? നടന്‍ അന്ന് അദ്ദേഹത്തിന്റെ ബജറ്റില്‍ ഒതുങ്ങുന്നതില്‍ ഏറ്റവും വലിയ ആഢംബര കാര്‍ തന്നെ ബുക്ക് ചെയ്തു. സ്‌റ്റൈലിഷായി സെറ്റില്‍ ചെന്നു. രജനി അപ്പോള്‍ എത്തിയിരുന്നില്ല. കുറച്ച് കഴിഞ്ഞ് സാക്ഷാല്‍ രജനികാന്ത് വരുന്നു എന്ന അറിയിപ്പുണ്ടായി. നടന്‍ നോക്കുമ്പോള്‍ ഒരു സാദാ ഫിയറ്റ് കാറില്‍ വന്നിറങ്ങുന്ന രജനി.
വീട്ടില്‍ നില്‍ക്കുന്ന മാതിരിയുളള വേഷവും ഡൈ ചെയ്ത് കറുപ്പിക്കാത്ത താടിയും മുടിയും. അടുത്തേക്ക് ചെല്ലാന്‍ മടിച്ചു നിന്ന നടന്റെ അരികിലേക്ക് വന്ന് പരമാവധി എളിമ നിറഞ്ഞ പെരുമാറ്റവും സംസാരരീതിയും. താരം അദ്ഭുതസ്തബ്ധനായി വായ് പൊളിച്ചു നിന്നു പോയി.
മണിക്കൂറുകള്‍ക്കുളളില്‍ സെറ്റിലെ മേക്കപ്പ്മാന്‍ ഡൈ ചെയ്ത് വിഗ് പിടിപ്പിച്ച് കഷണ്ടിക്കാരനായ രജനിയെ സുന്ദരക്കുട്ടപ്പനാക്കി. സ്‌റ്റൈല്‍ മന്നന്‍ സ്‌റ്റൈലിഷായി അഭിനയിച്ച് മടങ്ങുകയും ചെയ്തു.
സിനിമയും ജീവിതവും വെവ്വേറെ കാണുന്ന ഒരു രജനിയെ കണ്ട് മലയാളി നടന്റെ കിളി പോയി.
കലാഭവന്‍ മണിയും രജനികാന്തും
സമാനമായ ഒരു അനുഭവം കലാഭവന്‍ മണിയും പങ്കു വച്ചിരുന്നു. ‘എന്തിരന്‍’ എന്ന പടത്തില്‍ രജനിക്കൊപ്പം അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരം വന്നിരിക്കുന്നതറിഞ്ഞ് മണി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കുട്ടിക്കാലത്ത് തിയറ്ററിന്റെ മുന്‍നിരയില്‍ ഇരുന്ന് രജനികാന്ത് പടങ്ങള്‍ കണ്ട് കയ്യടിച്ച ആള്‍ക്ക് അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ അവസരം ലഭിച്ചിരിക്കുന്നു. അദ്ദേഹത്തെ പോലെ ഒരു മഹാരഥന്റെ മുന്നില്‍ എങ്ങിനെ നില്‍ക്കും എന്ന ചങ്കിടിപ്പോടെയാണ് സെറ്റില്‍ ചെന്നിറങ്ങുന്നത്. കണ്ട മാത്രയില്‍ തന്നെ ആ കാലില്‍ വീണ് അനുഗ്രഹം വാങ്ങണമെന്ന് മനസില്‍ കരുതി.
ചെന്നൈയിലെ സ്റ്റുഡിയോ ഫ്‌ളോറില്‍ മണി ചെന്നിറങ്ങുമ്പോള്‍ ഐശ്വര്യറായ് അടക്കമുളള പ്രമുഖര്‍ക്കൊപ്പം കസേരയില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു രജനി. മണി പേടിച്ചു പേടിച്ച് അദ്ദേഹത്തിന് അടുത്ത് ചെല്ലാന്‍ മടിച്ച് ചങ്കിടിപ്പോടെ നിന്നു. ദൂരെ നിന്നു തന്നെ മണിയെ തിരിച്ചറിഞ്ഞ രജനി എണീറ്റു നിന്ന് സ്വീകരിച്ചു. പിന്നെ ഒരു തുടക്കക്കാരന്റെ എളിമയോടെ പറയുന്നു.
‘ഉക്കാറുങ്കോ…മണി സര്‍.. നാന്‍ നീങ്കള്‍ടെ നിറയെ പടങ്ങള്‍ പാത്തിരിക്ക്..’
സന്തോഷം കൊണ്ട് മണിയുടെ കണ്ണുകള്‍ നിറഞ്ഞു. ആ മഹത്വത്തിന് മുന്നില്‍ മണി തൊഴുതു. സാഷ്ടാംഗം വീഴാന്‍ ഒരുങ്ങിയ മണിയെ തടഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു. ‘അമ്മാതിരിയൊന്നും തേവയില്ല മണി സര്‍..റെസ്പക്ട് എല്ലാമേ മനസുക്കുളളാലേ പോതും’. അതായിരുന്നു രജനികാന്ത്. മണിയുടെ അനുഭവം പങ്കു വച്ചപ്പോള്‍ സിനിമയിലെ മറ്റൊരു സുഹൃത്തു ചിരിക്കുന്നത് കണ്ട് അമ്പരപ്പോടെ കാരണം തിരക്കി.
ഒരു മലയാള സിനിമാ സെറ്റില്‍ നടന്ന സംഭവം അദ്ദേഹം വിശദീകരിച്ചു. നാടക-സിനിമാ അഭിനയരംഗത്ത് അരനൂറ്റാണ്ടിലേറെക്കാലത്തെ അനുഭവ പരിചയമുളള മുതിര്‍ന്ന നടന്‍ ഒരു സിനിമയുടെ സെറ്റില്‍ ഇരിക്കുന്നു. പെട്ടെന്ന് താരജാടകളോടെ നായക നടന്‍ കയറി വരുന്നു. സംവിധായകനും നിർമാതാവും മറ്റ് താരങ്ങളും ഉള്‍പ്പെടെ എല്ലാവരും എണീറ്റ് ബഹുമാനിക്കുന്നു. നായകന്‍ കൈകള്‍ ഉയര്‍ത്തി ഇരിക്കാന്‍ കല്‍പ്പിച്ച ശേഷം മാത്രം ഇരിക്കുന്നു. എന്നാല്‍ മുതിര്‍ന്ന നടനാകട്ടെ ഹീറോയെ കണ്ട ഭാവം നടിക്കാതെ കസേരയില്‍ ഉറച്ചിരുന്നു.
മേക്കപ്പ് റൂമിലെത്തിയ നായകന്‍ സംവിധായകനെ അടുത്തു വിളിച്ചു. ‘ഇയാളെയൊക്കെ എന്തിനാ ഈ പടത്തിലിട്ടത്?’
‘അത് പിന്നെ പുളളി ഭയങ്കര ആക്ടറല്ലേ’ എന്നായി സംവിധായകന്‍.
‘എന്നെക്കാണുമ്പം അയാള്‍ക്കൊന്ന് എണീറ്റാലെന്താ…കാല് ഊരിപ്പോകുമോ?’
സംവിധായകന്‍ നടന്റെ അല്‍പ്പത്തരം കണ്ട് മറുപടിയില്ലാതെ ചിരിച്ചു. ഇവിടെയാണ് രജനികാന്ത് വേറിട്ടു നില്‍ക്കുന്നത്. ഒരിക്കലെങ്കിലും അദ്ദേഹവുമായി പരിചയപ്പെട്ട ആരും തന്നെ ആ മനുഷ്യനെ മറക്കില്ല. നടന്‍ ക്യാപ്ടന്‍ രാജു പറഞ്ഞ ഒരു അനുഭവം ഓര്‍ക്കുന്നു. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ കുടുംബകാര്യങ്ങള്‍ അടക്കം എല്ലാം അദ്ദേഹം ചോദിക്കും. അടുത്ത തവണ കാണുമ്പോള്‍ ആദ്യം സംസാരിച്ചതിന്റെ അപ്‌ഡേറ്റ്‌സ് തിരക്കും. കരുതലും പരിഗണനയും സ്‌നേഹമസൃണമായ പെരുമാറ്റവും എളിമയും കൊണ്ട് മനുഷ്യന്റെ മനസ്സു കവര്‍ന്നെടുക്കുന്ന ഒരു തരം രജനികാന്ത് മാജിക്ക്. എന്നാല്‍, ഈ വലിയ മനുഷ്യന്‍ കടന്നു വന്ന വഴികള്‍ ആരെയും അമ്പരപ്പിക്കും വിധം പരിമിതികള്‍ നിറഞ്ഞതായിരുന്നു.
ജീവിക്കാനായി കൂലിപ്പണിയെടുത്തു
തമിഴര്‍ ദൈവതുല്യനായി പരിഗണിക്കുന്ന രജനിയുടെ യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്‌വാദ് എന്നായിരുന്നു. കര്‍ണ്ണാടക സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് ഒരു പൊലീസ് കോണ്‍സ്റ്റബിളും മാതാവ് വീട്ടമ്മയുമായിരുന്നു. കര്‍ണ്ണാടകത്തില്‍ ജനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വംശപരമ്പര മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുളളവരാണത്രെ. നാല് സഹോദരങ്ങളില്‍ ഏറ്റവും ഇളയപുത്രനാണ് ശിവാജി. ഒന്‍പതാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട രജനിക്ക് മാതാവും പിതാവുമെല്ലാം അച്ഛനായിരുന്നു.
സര്‍ക്കാര്‍ സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രജനികാന്ത് ചെറുപ്പത്തില്‍ വലിയ സ്‌പോര്‍ട്‌സ് പ്രേമിയായിരുന്നു. ക്രിക്കറ്റ് കളിയും ഫുട്‌ബോളും ബാസ്‌ക്കറ്റ് ബോളിലുമൊക്കെ വലിയ പ്രിയമായിരുന്നു ആ കുട്ടിക്ക്. വികൃതിത്തരങ്ങള്‍ കൂടപ്പിറപ്പായ ശിവാജിയെ നേരെയാക്കാന്‍ മൂത്ത സഹോദരന്‍ രാമകൃഷ്ണമഠത്തില്‍ കൊണ്ടു പോയി ചേര്‍ത്തു.
അവിടെ നിന്നും പഠിച്ച വേദങ്ങളും പുരാണങ്ങളും ശിവാജിയില്‍ ആധ്യാത്മികമായ താത്പര്യം സൃഷ്ടിച്ചു. ഈ സമയത്തെല്ലാം അഭിനയം ശിവാജിക്ക് വലിയ ഹരമായിരുന്നു. ഉളളിലെ കലാവിഷ്‌കാരത്തിനായി ആ ഘട്ടത്തില്‍ അദ്ദേഹം തിരഞ്ഞെടുത്തത് നാടകങ്ങളായിരുന്നു.
ഒരിക്കല്‍ മഹാഭാരതത്തിലെ ഏകലവ്യന്റെ വേഷം ചെയ്യാന്‍ അവസരം ലഭിച്ചു. ശിവാജിയുടെ പ്രകടനം കണ്ട കന്നഡ കവി ഡി.ആര്‍.ബേന്ദ്ര അദ്ദേഹത്തെ മനസില്‍ തട്ടി അഭിനന്ദിച്ചു. ഇത് ആ ബാലന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഈ മേഖലയില്‍ തനിക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന തോന്നല്‍ അരക്കിട്ടുറപ്പിച്ച ആദ്യ സംഭവം.
മെട്രിക്കുലേഷന്‍ പഠന കാലം വരെ അമച്വറിഷ് നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടേയിരുന്നു. തന്നിലെ നടനെ സ്വയം പരുവപ്പെടുത്തിയെടുത്ത കാലമെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
വീട്ടിലെ സാമ്പത്തിക സാഹചര്യം അത്ര അനുകൂലമായിരുന്നില്ല. അതിലുപരി ശിവാജി പഠനത്തില്‍ അത്ര സമര്‍ത്ഥനുമായിരുന്നില്ല. ഇനി വേണ്ടത് ജീവിക്കാന്‍ ഒരു തൊഴിലാണെന്ന് ശിവാജിക്ക് തോന്നി. കൂലിപ്പണി ഉള്‍പ്പെടെ പല ജോലികളും ഈ കാലയളവില്‍ ചെയ്തു. ഈ ഘട്ടത്തിലാണ് ബാംഗ്ലൂർ ട്രാന്‍സ്‌പോര്‍ട് സര്‍വീസില്‍ ശിവാജിക്ക് കണ്ടക്ടറായി ജോലി ലഭിക്കുന്നത്. കുറെക്കൂടി മെച്ചപ്പെട്ട ജീവിതമാര്‍ഗം എന്ന നിലയില്‍ സസന്തോഷം ആ ജോലി ഏറ്റെടുത്ത ശിവാജി വളരെ ആത്മാര്‍ത്ഥമായി തന്നെ ഡ്യൂട്ടി ചെയ്തു പോന്നു. ഊര്‍ജ്ജസ്വലനും കഠിനാദ്ധ്വാനിയുമായ ശിവാജിയെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം വലിയ ഇഷ്ടമായിരുന്നു. എല്ലാവരെയും സ്‌നേഹിക്കുന്ന ഒരു നല്ല മനസ്സ് അന്നേ ശിവാജിക്കുണ്ടായിരുന്നു.
വഴിത്തിരിവായ പെണ്‍കുട്ടി
ജീവിക്കാനായി പകല്‍സമയത്ത് കണ്ടക്ടറുടെ വേഷം കെട്ടുന്ന ശിവാജി തന്നിലെ കലാകാരനെ തൃപ്തിപ്പെടുത്താനായി രാത്രികാലങ്ങളില്‍ നാടകത്തില്‍ അഭിനയിക്കാന്‍ പോകും. നാടകകൃത്ത് ടോപ്പി മണിയപ്പ തന്റെ ചില പുരാണ നാടകങ്ങളില്‍ അഭിനയിക്കാന്‍ ശിവാജിക്ക് അവസരം നല്‍കി.
ഇക്കാലത്ത് ശിവാജി ജോലി ചെയ്തിരുന്ന ബസില്‍ പതിവായി കയറിയിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അന്ന് പിന്‍വാതിലിലൂടെ ആളുകള്‍ കയറുകയും മുന്‍വാതിലിലുടെ ഇറങ്ങുകയും ചെയ്യണമെന്നായിരുന്നു നിയമം പെണ്‍കുട്ടി അത് ലംഘിച്ച് മുന്‍വാതിലില്‍ കൂടി കയറുന്നതിനെ ശിവാജി ചോദ്യം ചെയ്യുകയും അവര്‍ തമ്മില്‍ വഴക്കിടുകയും ചെയ്തു. മെഡിസിന് പഠിക്കുന്ന കുട്ടിയായിരുന്നു അവള്‍. വഴക്കുകളിലൂടെ തുടങ്ങിയ ബന്ധം ക്രമേണ സൗഹൃദമായി മാറി.
അക്കാലത്ത് ഒരു ദിവസം താന്‍ അഭിനയിക്കുന്ന നാടകം കാണാനായി ശിവാജി അവളെ ക്ഷണിച്ചു. നാടകം കണ്ട പെണ്‍കുട്ടി അമ്പരന്നുപോയി. അവള്‍ പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ ശിവാജി അഭിനയിക്കുന്നു.
ശിവാജിക്ക് വലിയ ഭാവിയുണ്ടെന്നും എത്രയും വേഗം അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് അഭിനയം പഠിക്കണമെന്നും പെണ്‍കുട്ടി ഉപദേശിച്ചു. അക്കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും വലിയ അഭിനയ പരിശീലനക്കളരിയായിരുന്നു അത്. എന്നാല്‍ പെണ്‍കുട്ടിയുടെ നിര്‍ദ്ദേശം ആഗ്രഹമുണ്ടായിട്ടും ശിവാജി ചിരിച്ചു തളളി. നിത്യവൃത്തിക്ക് വിഷമിക്കുന്ന താനുണ്ടോ കാശുളള വീട്ടിലെ കുട്ടികള്‍ പഠിക്കുന്ന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകുന്നു.
പെണ്‍കുട്ടി വീണ്ടും തന്റെ അഭിപ്രായം ആവര്‍ത്തിച്ചു. ഉളള ജോലി കളഞ്ഞ് പഠിക്കാനിറങ്ങിയാല്‍ ജീവിക്കാനുളള പണം ആര് തരും? പഠിക്കാനുളള ഫീസ് ആര് തരും എന്നായി ശിവാജി. താന്‍ തരുമെന്ന് അവള്‍ സംശയലേശമെന്യേ പറഞ്ഞപ്പോള്‍ ശിവാജി ഒന്ന് അമ്പരന്നു. ഏതായാലും ആ പെൺകുട്ടി പറഞ്ഞ വാക്ക് പാലിച്ചു. ആദ്യ ഗഡുവായ 500 രൂപ അവള്‍ കൊടുത്തു എന്നു മാത്രമല്ല അവള്‍ തന്നെ അഡ്മിഷനുളള ഫോം വാങ്ങി പൂരിപ്പിച്ച് അയച്ചു. അന്ന് അവള്‍ പറഞ്ഞ വാക്കുകളായിരുന്നു ശിവാജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഇന്ധനം.
‘നിങ്ങള്‍ ലോകമറിയുന്ന നടനാവും. നിങ്ങളൂടെ പോസ്റ്ററുകളും കട്ടൗട്ടുകളും ഉയരും. എന്റെ വലിയ മോഹമാണത്. അന്ന് നാടകം കണ്ടപ്പോള്‍ എനിക്കത് ഉറപ്പായി!’ അഡയാറില്‍ നിന്നും ശിവാജിക്ക് ഇന്റര്‍വ്യൂ കാര്‍ഡ് വന്നു. കെ.ബാലചന്ദര്‍ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ അടങ്ങുന്ന ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്‍പാകെ എളിമ കൈവിടാതെ ശിവാജി ആത്മവിശ്വാസത്തോടെ നിന്നു. ശിവാജിയുടെ വ്യക്തിത്വം അവരെ ആകര്‍ഷിച്ചു. ആ യുവാവിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ചു.
മലയാളികളായ നടന്‍ ശ്രീനിവാസനും സീരിയല്‍ സംവിധായകന്‍ ആദം അയൂബും അക്കാലത്ത് ശിവാജിയുടെ സഹപാഠികളായിരുന്നു.
അന്ന് ശിവാജിക്ക് ഇടക്കിടെ മണിയോര്‍ഡറുകള്‍ വരും. കൂട്ടുകാരി അയച്ചു കൊടുക്കുന്ന പണം എല്ലാ കാര്യങ്ങള്‍ക്കും തികയുമായിരുന്നില്ല. ബസില്‍ ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കളും പണം അയയ്ക്കും.
ശിവാജി മണിയോര്‍ഡര്‍ കൈപ്പറ്റിയാലുടന്‍ പോസ്റ്റുമാനുളള കൈമടക്ക് കൊടുത്തിട്ട് ഓടിപ്പോയി മരത്തണലിലോ ബാത്ത് റൂമിന്റെ മറവിലോ ചെന്നു നിന്ന് പണം എണ്ണി നോക്കും. അതിന്റെ രഹസ്യം അറിയാനായി ചില സഹപാഠികള്‍ പിന്നിലൂടെ പതുങ്ങിച്ചെല്ലൂം. ബസ് ജീവനക്കാരായ കൂട്ടുകാര്‍ അയക്കുന്ന ഒന്നും രണ്ടും അഞ്ചും രൂപയുടെ ചെറിയ സംഭാവനകള്‍ കൂട്ടിചേര്‍ത്ത തുകയായിരുന്നു അത്. മറ്റുളളവര്‍ ഇതൊന്നും അറിയാതിരിക്കാനായിരുന്നു ഈ ഒളിച്ചുകളി.
വീട്ടില്‍ കഷ്ടപ്പാടും ദാരിദ്ര്യവും കലശലായിരിക്കുമ്പോള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുക എന്ന തീരുമാനത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. അന്ന് എന്ത് സംഭവിച്ചാലും താന്‍ ഒപ്പമുണ്ടാവുമെന്ന് പറഞ്ഞ് ധൈര്യം കൊടുത്തതും സാമ്പത്തികമായി സഹായിച്ചതും സുഹൃത്തും ബസ് ജീവനക്കാരനുമായ രാജ് ബഹാദൂരായിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയായിരുന്ന സംവിധായകന്‍ കെ.ബാലചന്ദര്‍ ശിവാജിയെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നടപ്പിലും എടുപ്പിലും നോട്ടത്തിലും കൈകളുടെ ചലനത്തിലും സംഭാഷണത്തിലും എന്തിന് സിഗരറ്റ് കത്തിക്കുന്നതിലും ചുണ്ടത്ത് വയ്ക്കുന്നതില്‍ പോലും മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു ശിവാജി സ്‌റ്റൈല്‍. തമിഴ് സംസാരിക്കാന്‍ പഠിക്കാന്‍ ബാലചന്ദര്‍ ശിവാജിയെ ഉപദേശിച്ചു. അവന്‍ ആ ഉപദേശം അക്ഷരംപ്രതി അനുസരിച്ചു. ബാലചന്ദറിന്റെ മനസില്‍ ആ യുവാവിനെക്കുറിച്ച് ചില കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നു.
ശിവാജി രജനികാന്താവുന്നു
തമിഴില്‍ ശിവാജി ഗണേശന്‍ എന്ന പേരില്‍ വളരെ പ്രശസ്തനായ ഒരു നടനുളളതു കൊണ്ട് ഈ പേര് മാറ്റുന്നതാണ് ഉചിതമെന്ന് ബാലചന്ദര്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം തന്നെ അവനുവേണ്ടി പുതിയ ഒരു പേരും കണ്ടെത്തി. രജനികാന്ത്. തന്റെ മുന്‍ചിത്രമായ മേജര്‍ ചന്ദ്രകാന്തിലെ ഒരു കഥാപാത്രത്തിന്റെ പേരായിരുന്നു രജനികാന്ത്. ഭാഗ്യം കാത്തു നിന്ന ഒരു അപൂര്‍വ നിമിഷത്തിലാണ് ബാലചന്ദര്‍ ശിവാജിക്ക് ആ പേര് നല്‍കിയത്. പിന്നീടുളള രജനിയുടെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.
1974 ല്‍ പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ തന്നെ ബാലചന്ദര്‍ ഈ യുവാവിനെ തന്റെ അടുത്ത സിനിമയിലേക്ക് തിരഞ്ഞെടുത്തു. ‘അപൂര്‍വരാഗങ്ങള്‍’ എന്ന സിനിമയില്‍ ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുന്‍ഭര്‍ത്താവിന്റെ വേഷമായിരുന്നു രജനിക്ക്. വളരെ ചെറിയ ഒരു റോള്‍.
ആ സിനിമയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഹിന്ദു അടക്കമുളള വലിയ പത്രങ്ങളുടെ പ്രശംസ രജനിക്ക് ലഭിച്ചു. പിന്നാലെ മാതൃഭാഷയായ കന്നഡത്തില്‍ ‘കഥാസംഗമ’ എന്ന ആന്തോളജി ചിത്രത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ചെറുവേഷങ്ങളില്‍ നിന്ന് വില്ലനിലേക്കും അവിടെ നിന്ന് ഹീറോയിലേക്കും പിന്നീട് സൂപ്പര്‍-മെഗാ സ്റ്റാര്‍ പദവികള്‍ കടന്ന് ഈ സ്‌റ്റൈല്‍ മന്നന്‍ ഗ്ലോബല്‍ സ്റ്റാറായി. ഇന്ന് വിദേശരാജ്യങ്ങളില്‍ പോലും ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കുന്ന പടങ്ങള്‍ രജനിയുടേതാണ്. രജനിയുടെ താരമൂല്യത്തിന് ദേശ ഭാഷാ ഭേദമില്ല. അഞ്ച് പതിറ്റാണ്ടായി ഒരേ താരപ്രഭാവത്തോടെ നിറഞ്ഞ് വിളയാടുന്ന ഒരേയൊരു സൂപ്പര്‍സ്റ്റാര്‍.
ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡും പത്മവിഭൂഷനും നല്‍കി രാജ്യം ആദരിച്ച രജനിക്ക് പല കുറി മികച്ച നടനുളള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. താനൊരു മഹാനടനാണ് എന്ന് ഒരിക്കലും അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. മഹാനടനായിരിക്കുന്നതിലല്ല നല്ല മനുഷ്യനായിരിക്കുന്നതിലാണ് കാര്യമെന്ന് വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു രജനികാന്ത്. ഇന്ന് ഒരു സിനിമയ്ക്ക് അദ്ദേഹം ശരാശരി 150 കോടി രൂപ പ്രതിഫലം വാങ്ങുന്നു. രജനി ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് ലോകമെമ്പാടുമുളള തിയറ്ററുകളിലാണ്. എല്ലാ രാജ്യങ്ങളിലും ആരാധകവൃന്ദങ്ങളുളള രജനിയുടെ ഒരു ചിത്രം ജപ്പാനില്‍ 200 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച് റെക്കോർഡിട്ടു.
വിവാദക്കുരുക്കുകളില്‍ പെടാതെ സിനിമയെ മാത്രം പ്രണയിച്ച് ജീവിക്കുന്ന നടനാണ് രജനികാന്ത്. ഷൂട്ടിങ്ങില്ലാത്തപ്പോള്‍ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ സ്വസ്ഥം ഗൃഹഭരണം. ബാക്കിയുളള സമയം ആധ്യാത്മിക വിഷയങ്ങളില്‍ വ്യാപരിക്കും.
പ്രണയങ്ങളില്ല, കുടുംബം മാത്രം
എന്നും മാതൃകാപരമായ കുടുംബസ്ഥനായിരുന്നു രജനി. ഇത്രയേറെ പ്രശസ്തനായിട്ടും ഒരു പ്രണയക്കുരുക്കിലും ഇന്നേ വരെ അദ്ദേഹം അകപ്പെട്ടില്ല. വിവാഹം പോലും കൗതുകകരമായിരുന്നു. ഒരു കോളജ് മാഗസിനു വേണ്ടി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നതായിരുന്നു വിദ്യാർഥിനിയായ ലത ഗംഗാചാരി. ആദ്യം വിസമ്മതിച്ച അദ്ദേഹത്തെ അവള്‍ പല തവണ വന്നു കണ്ട് നിര്‍ബന്ധപൂര്‍വം അഭിമുഖം എടുത്തു. ലതയുടെ സ്മാര്‍ട്‌നസും ഊര്‍ജ്ജസ്വലതയും നിശ്ചയദാര്‍ഢ്യവും അതേ സമയം അടക്കവും ഒതുക്കവും പെരുമാറ്റ മര്യാദകളുമെല്ലാം രജനിയുടെ മനം കവര്‍ന്നു. അതിനെ പരമ്പരാഗത രീതിയിലുളള പ്രണയമെന്നൊന്നും പറയാന്‍ സാധിക്കില്ല. ലത നല്ലൊരു കുടുംബിനിയായിരിക്കുമെന്നും തന്റെ ജീവിതത്തിന് ഉപകരിക്കുമെന്നും തോന്നിയ രജനികാന്ത് വീട്ടുകാരുമായി കൂടിയാലോചിച്ച് അവരെ പ്രപ്പോസ് ചെയ്തു. അത് വിവാഹത്തില്‍ കലാശിച്ചു. ഇന്നും ആ ബന്ധം യാതൊരു പോറലുകളുമേല്‍ക്കാതെ ഭദ്രമായി തന്നെ തുടരുന്നു.
സമകാലികരായ പല താരങ്ങളും സ്ത്രീസംബന്ധമായ വിവാദക്കുരുക്കുകളില്‍ അകപ്പെട്ടപ്പോള്‍ ഇന്നേവരെ രജനികാന്തിനെതിരെ സമാനമായ ആരോപണങ്ങളോ അഭ്യൂഹങ്ങളോ ഉയര്‍ന്നു വന്നില്ല. തന്റെ അഭിനയശേഷിയെ പ്രണയിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനുളള സാഹചര്യം ഒരുക്കി തരികയും ചെയ്ത നിര്‍മ്മല എന്ന പെണ്‍കുട്ടിയുമായും അദ്ദേഹം മറ്റൊരു വിധത്തിലുളള അടുപ്പത്തിന് നിന്നില്ല. പഠനം പൂര്‍ത്തിയായ ശേഷവും പിന്നീട് വലിയ നടനായ ശേഷവും തനിക്ക് ആദ്യമായി വഴി തുറന്ന പ്രിയ കൂട്ടുകാരിയെ നേരില്‍ കണ്ട് നന്ദി പറയാന്‍ അദ്ദേഹം ആവുന്നത്ര ശ്രമിച്ചെങ്കിലും ഒരിക്കലും സാധിച്ചില്ല. രണ്ട് കാരണങ്ങളാണ് അതിന് പിന്നിലെന്ന് അദ്ദേഹം കരുതുന്നു. ഡോക്ടറായ മകള്‍ക്ക് രജനികാന്ത് എന്ന നടനോടുളള ആരാധനയും അടുപ്പവും മനസിലാക്കിയ മാതാപിതാക്കള്‍ പെണ്‍കുട്ടി എന്തെങ്കിലും കുഴപ്പത്തില്‍ ചെന്ന് ചാടുമോയെന്ന് ഭയന്ന് അവളെയും കൊണ്ട് ആ നാട്ടിലെ വീട് വിറ്റ് അന്യദേശത്തേക്ക് പലായനം ചെയ്തതാവാം. ഒരുപക്ഷേ, അധികം വൈകാതെ അവര്‍ അവളുടെ വിവാഹവും നടത്തിയിരിക്കാം. ഇന്ന് കുട്ടികളും പേരക്കുട്ടികളുമായി ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അവള്‍ ജീവിക്കുന്നുണ്ടാവാം. പഴയ ബന്ധത്തിന്റെ പേരും പറഞ്ഞ് രജനിയെ കാണാന്‍ ശ്രമിക്കണ്ട എന്ന് അവള്‍ കരുതിയിരിക്കാം. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി ആ പാവം കുട്ടിയുടെ കുടുംബഭദ്രത തകര്‍ക്കണമെന്ന് രജനിക്കും മോഹമില്ല. പക്ഷേ, ഒരിക്കലെങ്കിലൂം നേരിട്ടു കണ്ട് അവളോട് ഒരു വാക്ക് പറയണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ട്.
ബാഷ എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടന്‍ ദേവനോട് ഈ കഥ പറഞ്ഞ ശേഷം അദ്ദേഹം ഇങ്ങനെ കൂട്ടിചേര്‍ത്തു.
‘അമേരിക്കയിലോ ജപ്പാനിലോ ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെയൊക്കെ ഞാന്‍ തിരയാറുണ്ട്. ഈ ആള്‍ക്കൂട്ടത്തില്‍ എവിടെയെങ്കിലും നിമ്മിയുണ്ടോ? ഉണ്ടോ? പക്ഷെ ഒരിക്കലും കണ്ടെത്താനായില്ല’. അതു പറയുമ്പോള്‍ ആ ശബ്ദം ഇടറിയിരുന്നു. അന്ന് ദേവന്‍ അദ്ദേഹത്തെ ഇങ്ങനെ ആശ്വസിപ്പിച്ചു. ‘ഒരു നാള്‍ അവള്‍ നിങ്ങളെ തേടി വരും സര്‍.. നിങ്ങള്‍ അവളെ കണ്ടുമുട്ടും’. ‘അപ്പടിയാ..അപ്പടിയാ..’ അതും പറഞ്ഞ് ദേവന്റെ കൈകള്‍ സ്വന്തം നെഞ്ചിലേക്ക് ചേര്‍ത്തു വച്ച ആ സ്‌നേഹമാണ് ഇന്ന് നാം അറിയുന്ന രജനികാന്തിന്റെ മൂലധനം.
തന്നെ വച്ച് പടമെടുത്ത് പൊളിഞ്ഞ നിർമാതാവ് പാപ്പരായാല്‍ പിന്നീട് അവരുടെ കാള്‍ അറ്റന്‍ഡ് ചെയ്യാത്ത സൂപ്പര്‍താരങ്ങളുടെ നാടാണ് ഇത്. എന്നാല്‍ വന്‍ പരാജയം നേരിട്ട പടങ്ങളുടെ നിർമാതാക്കള്‍ക്ക് പ്രതിഫലം മടക്കി കൊടുത്ത മനസും രജനിക്ക് മാത്രം സ്വന്തം. ഒരു കാലത്ത് സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായ പടം ബാഷ 22 വര്‍ഷങ്ങള്‍ക്ക് ശേഷം റീ-റിലീസ് ചെയ്തപ്പോഴും സൂപ്പര്‍ഹിറ്റ്. ഇത്തരം സമാനതകളില്ലാത്ത ചരിത്രസംഭവങ്ങളുടെ പരമ്പരകള്‍ സൃഷ്ടിച്ച് മുന്നേറുന്നു രജനികാന്ത്. മകള്‍ ഐശ്വര്യയുടെ സംവിധാനത്തില്‍ അഭിനയിക്കാനുളള അപൂര്‍വ ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു.
അപമാനിച്ചവര്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി രജനി
വിജയങ്ങളുടെ കളിത്തോഴനായി പുറമെ തോന്നുമെങ്കിലും അവഹേളനങ്ങളുടെയും അപമാനങ്ങളുടെയും ഒരു ഭൂതകാലം രജനീകാന്തിനുമുണ്ടായിരുന്നു. ‘16 വയതിനിലെ’ എന്ന പടത്തിന് ശേഷം ഒരു നിര്‍മ്മാതാവ് അവരുടെ അടുത്ത പടത്തിലേക്ക് രജനിയെ ക്ഷണിച്ചു. നായകനല്ലെങ്കിലും പ്രാധാന്യമുളള റോള്‍. 6000 രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ചു. 1000 രൂപ അഡ്വാന്‍സ് നാളെ തരാമെന്നും പറഞ്ഞു. പിറ്റേന്ന് അഡ്വാന്‍സ് ചോദിച്ചു ചെന്നപ്പോള്‍ അടുത്ത ദിവസം എ.വി.എം സ്റ്റുഡിയോയിലെ സെറ്റില്‍ മേക്കപ്പിടുന്നതിനു മുന്‍പ് തരാമെന്ന് പറഞ്ഞു. രാവിലെ തന്നെ രജനി സെറ്റിലെത്തി. പണം ചോദിച്ചപ്പോള്‍ നിർമാതാവ് അതേക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്ന് മറുപടി. പണം കിട്ടിയിട്ട് മേക്കപ്പിടാമെന്ന് പറഞ്ഞ് അദ്ദേഹം സെറ്റിലിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ നിർമാതാവ് ഒരു വെളുത്ത അംബാസിഡര്‍ കാറില്‍ വന്നിറങ്ങി. സംഭവമറിഞ്ഞ നിർമാതാവ് രജനിയുടെ അടുത്തു വന്ന് ചോദിച്ചു.
‘എന്താടാ നീ അത്ര വലിയ ഹീറോ ആയിപ്പോയോ? നാല് പടമല്ലേ കഴിഞ്ഞിട്ടുളളു.’
‘നിങ്ങളല്ലേ പറഞ്ഞത് മേക്കപ്പിടും മുന്‍പ് പണം തരാമെന്ന്’
‘നിനക്ക് പടവുമില്ല. വേഷവുമില്ല. ഇറങ്ങടാ വെളിയില്‍’എന്ന് ധാര്‍ഷ്ട്യത്തോടെ മറുപടി.
‘ശരി. വേഷമില്ലെങ്കില്‍ വേണ്ടാ… നിങ്ങള്‍ എന്നെ കാറില്‍ കൊണ്ടു വന്ന സ്ഥലത്ത് വിട്ടേക്കൂ’ എന്നായി രജനി.
‘നിനക്ക് കാറുമില്ല ഒന്നുമില്ല. കടക്ക് പുറത്ത്’
നിർമാതാവ് ധാര്‍ഷ്ട്യത്തോടെ ആക്രോശിച്ചു.
കയ്യില്‍ പണമില്ലാതിരുന്ന രജനികാന്ത് പൊരിവെയിലില്‍ ദീര്‍ഘദൂരം നടന്ന് താമസ സ്ഥലത്ത് എത്തി. അന്ന് അപമാനിച്ചു വിട്ട നിർമാതാവിന് മുന്നില്‍ നെഞ്ചുവിരിച്ച് നില്‍ക്കാനുളള ശേഷി താന്‍ കൈവരിക്കുമെന്ന് ശപഥം ചെയ്തു. രണ്ടര വര്‍ഷത്തിനപ്പുറം എ.വി.എം സ്റ്റുഡിയോ ഉടമ ചെട്ടിയാരുടെ കയ്യിലുണ്ടായിരുന്ന ഇറ്റാലിയന്‍ ഫിയറ്റ് കാര്‍ നാലേകാല്‍ ലക്ഷം രൂപയ്ക്ക് രജനി സ്വന്തമാക്കി. വിദേശ നിർമിത കാര്‍ ഓടിക്കാനായി തലപ്പാവും യൂണിഫോമും ധരിച്ച ഒരു ആംഗ്ലോ ഇന്ത്യന്‍ ഡ്രൈവറെയും ഏര്‍പ്പാടാക്കി. അന്ന് നാണംകെടുത്തി വിട്ട അതേ സ്റ്റുഡിയോയില്‍ നിര്‍മ്മാതാവിന്റെ അംബാസിഡര്‍ കാര്‍ പാര്‍ക്ക് ചെയ്ത അതേ ഇടത്ത് രജനി ഫോറിന്‍ കാറില്‍ ചെന്നിറങ്ങി. 555 സിഗരറ്റും പുകച്ച് കാറില്‍ ചാരി രജനി സ്‌റ്റൈലില്‍ ഒരു നില്‍പ്പ്. സ്റ്റുഡിയോയില്‍ നിന്നും പുറത്തേക്ക് വന്ന നിർമാതാവ് ആ നില്‍പ്പ് കണ്ട് ഒന്ന് നടുങ്ങി. ഒരു ഊറിയ പുഞ്ചിരിയോടെ രജനി ആ മധുരപ്രതികാരം സ്വയം ആസ്വദിച്ചു നിന്നു.
ഇത്തരം മുനവച്ച കുസൃതികള്‍ കൂടി ചേര്‍ന്നതാണ് രജനീകാന്ത്. എന്നാല്‍ ഒരിക്കല്‍ ചേര്‍ത്തുപിടിച്ചവരോടുളള സ്‌നേഹം എന്നും ഇടനെഞ്ചില്‍ സൂക്ഷിക്കുന്ന മറ്റൊരു രജനികാന്ത് കൂടിയുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിനുള്‍പ്പെടെ ആദ്യകാലത്ത് തനിക്ക് താങ്ങും തണലുമായി നിന്ന സുഹൃത്ത് രാജ് ബഹാദൂരിനെ അയാളുടെ വസതിയില്‍ ചെന്ന് കാണാനും സഹായിക്കാനുമുളള കൃതജ്ഞതാപൂര്‍വമായ മനസും രജനിക്ക് കൈമോശം വന്നിട്ടില്ല. ബസ് കണ്ടക്ടറായിരുന്ന കാലത്തെ സഹപ്രവര്‍ത്തകരെ സഹായിക്കാനായി അദ്ദേഹം സ്വന്തമായി ഒരു സിനിമ നിര്‍മ്മിച്ച് അതില്‍ നിന്നുളള ലാഭം അവര്‍ക്ക് നല്‍കിയതും ചരിത്രം.
ആരാണ് രജനികാന്ത്?
വെളളയും കറുപ്പു വസ്ത്രങ്ങളുമാണ് സ്വകാര്യ ജീവിതത്തില്‍ അദ്ദേഹത്തിന്റെ ഫേവറിറ്റ്. ഒരു യന്ത്രമനുഷ്യനെ വെല്ലുന്ന അതിവേഗത്തില്‍ ഈ 74 -ാം വയസിലും അദ്ദേഹം നടന്നു വരുന്നത് കാണുമ്പോള്‍ അപരിചിതര്‍ അമ്പരന്നേക്കാം. എന്നാല്‍ പരിചയക്കാര്‍ക്ക് അതില്‍ അദ്ഭുതമില്ല. മിതഭക്ഷണവും കൃത്യമായ വ്യായാമവും ശീലിച്ച ചിട്ടയായ ജീവിതത്തിന് ഉടമയായ രജനിക്ക് മുന്നില്‍ പ്രായവും കാലവും അനാരോഗ്യവും മുട്ടുമടക്കിയിട്ടേയുളളു.
രാഷ്ട്രീയ മോഹങ്ങളുണ്ടായിട്ടും കലാകാരനായ തനിക്ക് ഇണങ്ങുന്നതല്ല രാഷ്ട്രീയമെന്ന തിരിച്ചറിവില്‍ പിന്‍വാങ്ങിയ പ്രായോഗിക ബുദ്ധിയും രജനിക്കുണ്ട്. കമൽഹാസനും ശരത്കുമാറും അടക്കം പൊതുരംഗത്തിറങ്ങി അപമാനിതരായപ്പോള്‍ ബുദ്ധികൂർമതയുളള രജനി അവിടെയും ജയിച്ചു.
1974 ല്‍ ആദ്യ സിനിമയുടെ ഓഡിഷനില്‍ വച്ച് കെ.ബാലചന്ദര്‍ പറഞ്ഞ ഒരു വാചകം ഇന്നും രജനി ഓര്‍ത്തെടുക്കാറുണ്ട്. ഏറ്റുപറയാറുമുണ്ട്. ‘നിന്റെ കണ്ണുകളില്‍ വല്ലാത്ത ഒരു ആകര്‍ഷണീയതയുണ്ട്. അത് ജനങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് എനിക്ക് തോന്നുന്നു’
ബാലചന്ദറിന്റെ കണ്ടെത്തല്‍ യാഥാര്‍ത്ഥ്യമായി. ആ കണ്ണുകളും കണ്ണിറുക്കലും പോലും ജനകോടികള്‍ ആസ്വദിച്ചു. ആഘോഷിച്ചു.
അതേ ബാലചന്ദര്‍ തന്നെ സിനിമയില്‍ രജനിയുടെ സമശീര്‍ഷനായ കമലഹാസനെ ചൂണ്ടി പറഞ്ഞു, ‘നീ അവന്റെ അഭിനയം കണ്ട് പഠിക്ക്’. അന്ന് മുതല്‍ താന്‍ കമലിനെ നോക്കി പഠിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ഇന്നോളം അദ്ദേഹത്തിന്റെ ഏഴയലത്ത് എത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് പരസ്യമായി പറയാന്‍ തയ്യാറായ മഹാമനസ്‌കതയുടെ പേര് കൂടിയാണ് രജനികാന്ത്.
ആകെ രണ്ടേ രണ്ടു മലയാള പടങ്ങളില്‍ മാത്രമാണ് അദ്ദേഹം അഭിനയിച്ചിട്ടുളളത്. ഒന്ന് ഐ.വി.ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അദ്ഭുതവിളക്കും. പിന്നീട് 1981 ല്‍ ജയന്റെ അകാലവിയോഗം മൂലം അദ്ദേഹം അഭിനയിക്കേണ്ടിയിരുന്ന ഗര്‍ജ്ജനം എന്ന ആക്ഷന്‍ പടത്തിലും രജനി നായകനായി. എന്നാല്‍ മലയാളികള്‍ രജനിയെ കൂടുതല്‍ ഇഷ്ടപ്പെട്ടത് കേരളത്തില്‍ റിലീസ് ചെയ്ത പക്കാ തമിഴ് ചിത്രങ്ങളിലുടെയായിരുന്നു.
രജനികാന്ത് എന്ന വലിയ താരത്തിന്റെ ജനപ്രിയ ചേഷ്ടകളും ഫോര്‍മുലകളും നിറഞ്ഞ മാസ് മസാലപ്പടങ്ങള്‍ തന്നെയായിരുന്നു എക്കാലവും അദ്ദേഹത്തിന്റെ വിജയമന്ത്രം. ബോളിവുഡിലും ഹോളിവുഡിലും വരെ അഭിനയിച്ച രജനി മാതൃഭാഷയായ മറാത്തിയില്‍ മാത്രം അഭിനയിച്ചിട്ടില്ല എന്നത് ഒരു ചരിത്രവൈരുദ്ധ്യം.
ഷൂട്ടിങ് സെറ്റില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കി വയ്ക്കുന്ന സൂപ്പര്‍താരമാണ് രജനി. സമകാലികനായ സൂപ്പര്‍താരത്തെ പി.ആര്‍.ഏജന്‍സിക്ക് പണം കൊടുത്ത് ഹേറ്റ് ക്യാംപയിനിലൂടെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ മറ്റൊരു മാതൃകയാണ് രജനി. സമകാലികനായ കമലഹാസനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനെന്ന് പരസ്യമായി പറയാന്‍ രജനിക്ക് മടിയില്ല.
രജനി ഒരു മികച്ച നടനോ?
രജനികാന്ത് ഒരു മികച്ച നടനാണോ മഹാനടനാണോ എന്നെല്ലാം ചോദിക്കുന്ന ബുജിനാട്യക്കാരുണ്ട്. അവര്‍ക്കറിയാത്ത ഒന്നുണ്ട്. കോടാനുകോടി ജനങ്ങളെ ഒരു പോലെ രസിപ്പിക്കാനും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താനും കഴിയുന്ന ഒരു തരം മാജിക്ക് ഈ മനുഷ്യന്റെ രക്തത്തിലുണ്ട്. അയാളൂടെ ചിരിയിലും നടത്തത്തിലും ഭാവചലനങ്ങളിലുമെല്ലാം അത് നിറഞ്ഞു കവിയുന്നു. ജനകോടികള്‍ ആഹ്‌ളാദത്തോടെ അത് ഏറ്റെടുക്കുന്നു. ഇത്രയധികം ആളുകളെ ഇത്രയും ദീര്‍ഘകാലം തന്റെ വിരല്‍ത്തുമ്പിനൊപ്പം ചലിപ്പിക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. ജനപ്രീതിക്കായി മനുഷ്യന്‍ എന്തു കോപ്രായവും കാട്ടിക്കൂട്ടുന്ന കാലത്ത് ഒരു കണ്ണിറുക്കലില്‍ ഒരു മഹാജനതയെ കയ്യടിപ്പിക്കാന്‍ കഴിയുന്ന രസതന്ത്രം രജനിക്ക് മാത്രം സ്വന്തമാണ്.
സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്നതാണ് രജനിയുടെ ടെക്‌നിക്ക്.
അദ്ദേഹത്തിന്റെ തന്നെ ഒരു സിനിമയുടെ ശീര്‍ഷകത്തില്‍ രജനിയുടെ ജീവിതവീക്ഷണമുണ്ട്, ‘അന്‍പുക്ക് നാന്‍ അടിമൈ.’ ആ സ്‌നേഹത്തിന്റെ അടിമകളാണ് സാധാരണക്കാരായ പ്രേക്ഷക ലക്ഷങ്ങളും.
മകൾ ഐശ്വര്യയ്ക്കും ഭാര്യ ലതയ്‌ക്കുമൊപ്പം രജനികാന്ത്
ഒരു വ്യക്തി, നടന്‍ എന്നതിനപ്പുറം ഇന്ന് രജനി ഒരു ഇതിഹാസമാണ്. എ ലിവിംഗ് ലജണ്ട്. ജനകോടികളെ ഇതു പോലെ ദീര്‍ഘകാലം ആഴത്തില്‍ സ്വാധീനിക്കുക എന്നതിന് ചരിത്രത്തില്‍ സമാനതകളില്ല. എം.ജി.ആറും ജയലളിതയും വിജയ്‌യുമെല്ലാം ആറാടിയ തമിഴ് സിനിമയില്‍ അവരേക്കാളെല്ലാം എത്രയോ മുകളിലാണ് രജനിയുടെ ജനപ്രീതി. അതിന്റെ കാരണങ്ങള്‍ എന്ത് തന്നെയായാലും അതൊരു വാസ്തവമാണ്. ഏത് ജനപ്രിയ കലാകാരന്റെയും പ്രഭാവം കാലാന്തരത്തില്‍ മങ്ങുന്നതായി കണ്ടിട്ടുണ്ട്. പ്രേംനസീറും അമിതാഭ് ബച്ചനും പോലും ഈ പ്രതിഭാസത്തിന് അതീതരല്ല. എന്നാല്‍ രജനി ഇവിടെയും വേറിട്ട് നില്‍ക്കുന്നു. തുടക്കകാലം മുതല്‍ ഇന്നോളം ആ താരപ്രഭയ്ക്ക് മാറ്റമില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ്, കളര്‍, സിനിമാസ്‌കോപ്പ്, ത്രീഡി, അനിമേഷന്‍… സിനിമാ സങ്കേതങ്ങള്‍ മാറിമറിഞ്ഞിട്ടും രജനി സൃഷ്ടിച്ച ആവേശത്തിന് തെല്ലും മങ്ങലേറ്റില്ല.
50 വര്‍ഷം കഴിഞ്ഞും ആ യാഥാര്‍ത്ഥ്യം അതിന്റെ പൂര്‍ണ്ണശോഭയോടെ നിറഞ്ഞു നില്‍ക്കുന്നു എന്നതാണ് അദ്ഭുതം. മലയാളത്തിന്റെ മഞ്ജു വാരിയര്‍ക്കൊപ്പമാണ് അടുത്ത രജനി മാജിക്ക്.
ചിത്രം : വേട്ടയ്യാന്‍. കണ്ടതല്ല കാണാനിരിക്കുന്നത് എന്ന പോലെ ഇതുവരെ ഉയര്‍ന്നതിലും വലിയ കയ്യടികള്‍ക്കായി കാത്തിരിക്കുകയാണ് ഈ യൂണിവേഴ്‌സല്‍ സ്റ്റാര്‍..!
Source link