KERALAM

കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്ന് കേരളകൗമുദി

തിരുവനന്തപുരം: ചിരിച്ചും ചിണുങ്ങിയും പൊന്നോമനകൾ വിജയദശമി ദിനമായ ഇന്നലെ അക്ഷരവെളിച്ചത്തിലേക്ക് പിച്ചവച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റും പേട്ട പുത്തൻകോവിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ നിരവധി കുരുന്നുകൾ ഹരിഃശ്രീ കുറിച്ചു. സ്വർണം തേനിൽ മുക്കി നാവിൽ “ഓം” എന്നു കുറിച്ചശേഷം താലത്തിലെ അരിമണിയിൽ ‘ഹരിഃ ശ്രീ ഗണപതയെ നമഃ” എന്നെഴുതിച്ചു. ‘അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ ” എന്ന് ചെവിയിലോതി കുരുന്നുകളെ വിദ്യയുടെ ലോകത്തേക്ക് ആനയിച്ചു.

ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റി, പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. മാർത്താണ്ഡപിള്ള, അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഭിന്നശേഷി മുൻ കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ട‌ർ എം.ആർ.തമ്പാൻ എന്നിവർ അക്ഷരവെളിച്ചം പകർന്നു. ആചാര്യന്മാരെ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ. യശോധരൻ,സെക്രട്ടറി സി.പി. സേതുനാഥൻ എന്നിവർ ആദരിച്ചു.
കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ,പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു, ചീഫ് മാനേജർ ( പരസ്യവിഭാഗം ) വിമൽകുമാർ ,ക്ഷേത്ര ട്രഷറർ ജി.സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. കേരളകൗമുദിയുടെ മറ്റ് യൂണിറ്റുകളിലും വിദ്യാരംഭച്ചടങ്ങുകൾ നടന്നു.

സ്നേഹസമ്മാനം

ആദ്യക്ഷരം കുറിക്കാനെത്തിയ എല്ലാ കുട്ടികൾക്കും കേരളകൗമുദി സമ്മാനപ്പൊതികൾ നൽകി. ആദ്യക്ഷരമെഴുതിയ കുഞ്ഞുങ്ങളുടെ ഫോട്ടോ പാരമൗണ്ട് സ്റ്റുഡിയോ സൗജന്യമായി പ്രിന്റെടുത്ത് നൽകും.


Source link

Related Articles

Back to top button