ബാബാ സിദ്ദിഖിയെ വധിച്ചത് അധോലോക ബിഷ്ണോയ് സംഘം

മുംബയ്:മഹാരാഷ്‌ട്രയിൽ അജിത്പവാർ നയിക്കുന്ന എൻ. സി.പി വിഭാഗത്തിന്റെ ജനകീയ നേതാവും മുൻ കോൺഗ്രസ് മന്ത്രിയും പ്രമുഖ വ്യവസായിയുമായി ബാബാ സിദ്ദിഖിയെ ( 66) വധിച്ചതിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മഹാരാഷ്‌ട്രയെ ഞെട്ടിച്ച് ശനിയാഴ്ച രാത്രി 9.30ന് ആയിരുന്നു ആക്രമണം. വധഭീഷണിയെ തുടർന്ന് ബാബ സിദ്ദിഖിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കിഴക്കൻ ബാന്ദ്രയിൽ സിദ്ദിഖിയുടെ പുത്രനും കോൺഗ്രസ് എം.എൽ.എയുമായ സീഷൻ സിദ്ദിഖിയുടെ ഓഫീസിൽ നിന്നിറങ്ങി കാറിൽ കയറുമ്പോൾ മൂന്നംഗ സംഘം വെടിവയ്‌ക്കുകയായിരുന്നു. ആറ് റൗണ്ടിൽ രണ്ടെണ്ണം സിദ്ദിഖിയുടെ നെഞ്ചിലും ഒന്ന് വയറ്റിലും കൊണ്ടു. ലീലാവതി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. ഭൗതിക ദേഹം ഇന്നലെ രാത്രി 8.30ന് മറൈൻ ലൈനിലെ ബഡാ ഖബർസ്ഥാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്‌തു.
രണ്ട് പ്രതികൾ അറസ്റ്റിൽ
ഘാതകരിൽ രണ്ടു പേരെ അറസ്റ്റ് ചെയ്‌തു. ഹരിയാന സ്വദേശി ഗുർമെയിൽ ബാൽജിത് സിംഗ് (23), ഉത്തർ പ്രദേശ് സ്വദേശി ധർമരാജ് രാജേഷ് കശ്യപും ( 19). ബാൽജിത് സിംഗിനെ കോടതി 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ധർമരാജ് കശ്യപ് മൈനറാണോ എന്ന് അറിയാൻ പ്രായനിർണയ പരിശോധനയ്‌ക്ക് ശേഷം വീണ്ടും ഹാജരാക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. മൈനറാണെങ്കിൽ ജുവനൈൽ കോതിക്ക് വിടും. പ്രതികളിൽ നിന്ന് രണ്ട് പിസ്റ്റലും 28 വെടിയുണ്ടകളും പിടിച്ചെടുത്തു.
മൂന്നാമൻ യു. പി സ്വദേശിയായ ശിവ്കുമാർ ഗൗതമും കൊലപാതകത്തിന്റെ ക്വട്ടേഷൻ എടുത്ത മുഹമ്മദ് സീഷൻ അക്തറും ഒളിവിലാണ്.
ധർമരാജ് കശ്യപും ശിവ്കുമാർ ഗൗതമും യു. പിയിലെ ബഹ്‌റൈച്ച് സ്വദേശികളാണ്. ഇരുവരും അയൽക്കാരാണ്. പൂനെയിൽ കൂലിപ്പണി ചെയ്‌തിരുന്ന ഇവർ ചിലരുടെ പ്രേരണയിലാണ് അധോലോകത്തിൽ എത്തിയത്. പഞ്ചാബിലെ ജയിലിൽവച്ചാണ് ഇരുവരും ബിഷ്ണോയ് സംഘവുമായി ബന്ധം സ്ഥാപിച്ചത്.
ഗുർമെയിൽ ബാൽജിത് സിംഗിനെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. പതിനൊന്ന് കൊല്ലം മുമ്പ് കുടുംബം ഇയാളെ തള്ളിപ്പറഞ്ഞതാണ്. ധർമരാജ്സിംഗിനും കുടുബവുമായി ബന്ധമില്ല.
ക്രൈംബ്രാഞ്ചിന്റെ 15 ടീമുകളാണ് കേസ് അന്വേഷിക്കുന്നത്. ബിസിനസ് ശത്രുത, വാടകക്കൊല,ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള സിദ്ദിഖിയുടെ ബന്ധം തുടങ്ങിയ വിവിധ വശങ്ങൾ അന്വേഷിക്കുന്നുണ്ട്.
Source link