ശിവഗിരി ശാരദാസന്നിധിയിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു
ശിവഗിരി : വിദ്യാരംഭദിനമായ ഇന്നലെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് ശാരദാദേവി സന്നിധിയിൽ ഗുരുദേവ സന്യസ്ത ശിഷ്യർ ആദ്യക്ഷരം പകർന്നു നല്‍കി. പുലർച്ചെ മുതൽ ശിവഗിരി മഠവും സമീപ പ്രദേശങ്ങളും ഭക്തരാൽ നിബിഡമായി .
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശിവഗിരി മഠത്തിന്റെ വിവിധ ശാഖാസ്ഥാപനങ്ങളിൽ നിന്നുള്ള സന്യാസി ശ്രേഷ്ഠർ ഉൾപ്പെടെയുള്ളവർ ഗുരുക്കളായി. . സ്വാമി അവ്യയാനന്ദ, സ്വാമി ഗുരുപ്രസാദ് , സ്വാമി അമേയാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, സ്വാമി മഹാദേവാനന്ദ, സ്വാമി ഗുരുകൃപാനന്ദ, സ്വാമി ഗുരുപ്രഭാനന്ദ തുടങ്ങിയവരും കുട്ടികളെ എഴുത്തിനിരുത്തി.. .
നാടുണരും മുമ്പേ ബുക്സ്റ്റാളിന് സമീപത്തെ വഴിപാട് കൗണ്ടർ പ്രവർത്തനമാരംഭിച്ചു. പതിവിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിരുന്നതിനാൽ കാത്തു നില്‍ക്കാതെ രജിസ്റ്റർ ചെയ്യാനും ശാരദാമഠത്തിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാനുമായി. എത്തിച്ചേർന്നവർക്കെല്ലാം ഗുരുപൂജാ ഹാളിൽ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് ഗുരുപൂജാ ഭക്ഷണവും നല്‍കി. കഴിഞ്ഞ 3 ന് നവരാത്രി മണ്ഡപത്തിൽ തുടക്കം കുറിച്ച വൈവിദ്ധ്യമാർന്ന പരിപാടികളും ഭക്തിനിർഭരമായ ആലാപനങ്ങളും വിദ്യാരംഭ ദിനമായ ഇന്നലെയും ഉണ്ടായിരുന്നു. വൈദികമഠം, ബോധാനന്ദ സ്വാമി സമാധി, മഹാസമാധി എന്നിവിടങ്ങളിലും ദർശനം നടത്തിയാണ് ഭക്തർ മടങ്ങിയത്.
ഫോട്ടോ: ശിവഗിരി ശാരദാദേവി സന്നിധിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ കുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നു.
Source link