വാഷിംഗ്ടൺ ഡിസി: ഇസ്രേലി സേന വൈകാതെ ഇറാനിൽ ആക്രമണം നടത്തുമെന്ന് അമേരിക്കയിലെ എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണലക്ഷ്യങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ഈ ആഴ്ചതന്നെ ആക്രമണം ഉണ്ടായേക്കാം. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാനോ ഉന്നത ഉദ്യോഗസ്ഥരെ വകവരുത്താനോ ഉള്ള തീരുമാനം ഇസ്രയേൽ എടുത്തിട്ടില്ലെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ നല്കിയ സൂചന. ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു ശക്തമായ തിരിച്ചടി നല്കുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്നത്. അപ്രതീക്ഷിത തിരിച്ചടി നല്കുമെന്നാണ് ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് പറഞ്ഞത്. ഇറാൻ- ഇസ്രയേൽ സംഘർഷം വർധിക്കുന്നതോടെ പശ്ചിമേഷ്യ പൂർണയുദ്ധത്തിലേക്കു വീഴുമെന്ന ആശങ്ക ശക്തമാണ്.
ഇസ്രയേൽ ആക്രമിച്ചാൽ തിരിച്ചടി നല്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. തിരിച്ചടി ആനുപാതികമായിരിക്കുമെന്നാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ എണ്ണയുത്പാദന കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിട്ടാൽ ഇസ്രയേലിന്റെ എണ്ണശുദ്ധീകരണ ശാലകളിൽ ഇറാനും ആക്രമണം നടത്തും. ഊർജ, ആണവ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ ഇസ്രയേലിലെ അത്തരം കേന്ദ്രങ്ങളെ ഇറാനും ആക്രമിക്കും. ഇസ്രേലി ആക്രമണത്തിൽ ഇറേനിയൻ ജനതയ്ക്ക് അപായമുണ്ടായാൽ ആണവതത്വങ്ങൾ പുതുക്കിയെഴുതേണ്ടിവരുമെന്നും ഇറാൻ പറഞ്ഞിട്ടുണ്ട്. ഇറാൻ യുദ്ധത്തിന് തയാറെടുത്തതായി അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ ബാഗ്ദാദിൽ പറഞ്ഞു.
Source link