സമാധാനസേനയെ ഉടൻ പിൻവലിക്കണം: നെതന്യാഹു
ടെൽ അവീവ്: ലബനനിൽ വിന്യസിച്ചിട്ടുള്ള യുഎൻ സമാധാന സേനയെ ഉടൻ പിൻവലിക്കണമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രേലി സേന, സമാധാനസേനയ്ക്കു നേർക്ക് ആക്രമണം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ ആവശ്യം. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസിനെ അഭിസംബോധന ചെയ്യുന്ന വീഡിയോ സന്ദേശത്തിലാണ് സമാധാനസേനയെ ഉടൻ ലബനനിൽനിന്നു പിൻവലിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടത്. നെതന്യാഹുവിന്റെ നടപടിയെ ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി അപലപിച്ചു. ഇതിനിടെ, ഇന്നലെ പുലർച്ചെ തെക്കൻ ലബനനിലെ റാമിയായിലുള്ള യുഎൻ സേനാ താവളത്തിനു നേർക്ക് ഇസ്രിേലി സേന ആക്രമണം നടത്തി. രണ്ട് ഇസ്രേലി ടാങ്കുകൾ സമാധാന സേനാംഗങ്ങളുടെ മുഖ്യകവാടം തകർത്തു. തുടർന്ന് ഇസ്രേലി സൈനികർ ബലം പ്രയോഗിച്ച് വളപ്പിൽ കയറി. മുക്കാൽ മണിക്കൂർ കഴിഞ്ഞ് ഇസ്രേലി സൈനികർ പിൻവാങ്ങി. രാവിലെ സമാധാനസേനാ ക്യാന്പിനടുത്തുവച്ച് ഇസ്രേലിസേന വെടിയുതിർത്തു. ഇതേത്തുടർന്നുള്ള പുകയിൽ 15 സമാധാന സൈനികർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇസ്രേലി ആക്രമണങ്ങളിൽ അഞ്ച് സമാധാന സേനാംഗങ്ങൾക്കു പരിക്കേറ്റിരുന്നു. സമാധാനസേനയ്ക്കു നേർക്ക് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ ലോകരാജ്യങ്ങൾ അപലപിച്ചു. ഇസ്രേലി ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും മുൻ സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സമാധാനസേനയിലേക്കു സൈനികരെ നൽകുന്ന ഇന്ത്യയടക്കം 40 രാജ്യങ്ങൾ ആവശ്യപ്പെട്ടു. സമാധാനസേനയെ മാനിക്കണം: മാർപാപ്പ വത്തിക്കാൻ സിറ്റി: ലബനനിലെ സമാധാനസേനയെ ബഹുമാനിക്കണമെന്ന് ഫ്രാൻസിസ് മാർപാ പ്പ ആവശ്യപ്പെട്ടു. സംഘർഷത്തിൽ അകപ്പെട്ടിരിക്കുന്ന പലസ്തീൻ, ഇസ്രയേൽ, ലബനീസ് ജനതയ്ക്കൊപ്പം താനുണ്ട്. ഉടനടി വെടി നിർത്തണമെന്നും ചർച്ചയിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
Source link