KERALAMLATEST NEWS

യുവാക്കളുടെ ശ്രദ്ധയ്‌ക്ക്,ഓൺലൈനിൽ പോക്കറ്റ് മണിയയച്ചുതന്ന് അക്കൗണ്ട് ഡീറ്റെയിൽസ് ചോദിച്ചാൽ നൽകല്ലേ, പെട്ടുപോകും

തൃശൂർ: തട്ടിയെടുത്ത ലക്ഷങ്ങൾ വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് പോക്കറ്റ് മണിയായി അയച്ചും മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കാനുളള ഓൺലൈൻ ജോലികളിൽ കുടുക്കിയും സൈബർ തട്ടിപ്പ് സംഘങ്ങൾ. പതിനായിരമോ ഇരുപതിനായിരമോ പോക്കറ്റ് മണി നൽകുമ്പോൾ വിദ്യാർത്ഥികൾ പകരം നൽകേണ്ടത് ബാങ്ക് വിവരമാണ്. പണമില്ലാത്ത അക്കൗണ്ട് വിവരം നൽകിയാൽ ഒന്നും നഷ്ടപ്പെടില്ലെന്ന് കരുതി, നിരവധി വിദ്യാർത്ഥികളാണ് വിവരങ്ങൾ കൈമാറിയത്. ഈ അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്ത തുകകൾ ട്രാൻസ്ഫർ ചെയ്ത് സൈബർ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷനേടാനായി തട്ടിപ്പുകാർ പുതിയ വഴി കണ്ടെത്തുകയായിരുന്നു. ഒടുവിൽ പിടിക്കപ്പെട്ടത് വിദ്യാർത്ഥികളും. വടക്കെ ഇന്ത്യയിലാണ് സംഘങ്ങളുള്ളതെന്നാണ് സൈബർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതോടെയാണ് കെണിയെകുറിച്ചുളള വിവരം പുറത്തുവന്നത്.

ജോലി തേടുന്നവരിലും കണ്ണ്

യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വെച്ച്, സാമൂഹമാദ്ധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്നവരെയും കുടുക്കുന്നുണ്ട്. ബാങ്ക്, ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുമെന്നാണ് വാഗ്ദാനം. തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മിഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുക എന്നതാണ് ജോലി. ഉയർന്ന കമ്മിഷനാണ് വാഗ്ദാനം.

പാഴ്സൽ ന്ദേശത്തിലും പണി

പാഴ്സൽ ലഭിക്കാനായി വിലാസം അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജന്ദേശവും പ്രചരിക്കുന്നുണ്ട്. 12 മണിക്കൂറിനകം വിലാസം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പാഴ്സൽ തിരിച്ചയ്ക്കുമെന്നാകും മുന്നറിയിപ്പ്. വിലാസം അപ്‌ഡേറ്റ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യാനും ന്ദേശം കിട്ടും. ക്ലിക്ക് ചെയ്താൽ തപാൽ വകുപ്പിന്റേതിനു സമാനമായ വെബ്‌സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജ് കാണും. പാഴ്സൽ ലഭിക്കുന്നതിനായി 25 രൂപ നൽകാൻ ആവശ്യപ്പെടും. പണം അയയ്ക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അക്കൗണ്ടിലെ തുക പിൻവലിക്കും.

അപകടവലയിൽ ജാഗ്രത വേണം

വിദ്യാർത്ഥികളുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി ഉപയോഗിക്കും.

സൈബർ കുറ്റകൃത്യങ്ങൾ അറിയാത്ത ചെറുപ്പക്കാരെ തട്ടിപ്പുസംഘത്തിലെ അംഗമാക്കും.

അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരെ അനുവദിക്കരുത്.

നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ വിദ്യാർത്ഥികളും യുവാക്കളും അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും അതീവജാഗ്രത പുലർത്തണം.

സൈബർ പൊലീസ്.


Source link

Related Articles

Back to top button