മുന്നിലിരുന്ന് ഉറങ്ങിയ യാത്രക്കാരിയെ കടന്ന് പിടിച്ചത് ദുരുദ്ദേശത്തോടെ, ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം

ചെന്നൈ: ഇന്‍ഡിഡോ വിമാനത്തിനുള്ളില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയ വിമാനത്തിലാണ് സംഭവം നടന്നത്. രാജസ്ഥാന്‍ സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസക്കാരനുമായ രാജേഷ് ശര്‍മ്മയാണ് പ്രതി. ബിഎന്‍എസ് 75 പ്രകാരമാണ് രാജേഷിനെതിരെ കേസെടുത്തത്. വിമാനത്തില്‍ മുന്‍ സീറ്റിലെ വിന്‍ഡോ സൈഡില്‍ ഇരുന്ന യുവതിയോടാണ് മോശമായി പെരുമാറിയത്.

സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതിനാണ് സെയില്‍സ് എക്സിക്യൂട്ടീവായ രാജേഷ് ശര്‍മ എന്നയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം യുവതി വിമാനത്താവള ഉദ്യോഗസ്ഥരെ കാണുകയും പൊലീസില്‍ പരാതി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനൊപ്പം സ്റ്റേഷനിലേക്ക് പോകുകയും രാജേഷിനെതിരെ പരാതി നല്‍കുകയുമായിരുന്നു.

”ജനലിനരികെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി. പുറകിലിരുന്ന പ്രതി മോശമായി സ്പര്‍ശിക്കുകയായിരുന്നു” എന്നാണ് യുവതിയുടെ പരാതിയെന്ന് വിമാനത്താവളവുമായി ചേര്‍ന്നുള്ള മീനമ്പക്കം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ പറഞ്ഞു. അതേസമയം വിഷയത്തില്‍ ഇതുവരേയും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.


Source link
Exit mobile version