KERALAM

മോഹം ചിലങ്കകെട്ടുമ്പോൾ പ്രായം അരങ്ങൊഴിയുന്നു

രാഹുൽ ചന്ദ്രശേഖർ | Monday 14 October, 2024 | 12:38 AM

കോട്ടയം : ‘അമ്മ കൂടുതൽ സ്മാർട്ടായല്ലോ” എന്നാണ് മക്കളുടെ കമന്റ്, മക്കളെയും കൊച്ചുമക്കളെയും പഠിപ്പിക്കാൻ കൊണ്ടുവരുന്നവർ പ്രായംമറന്ന് നൃത്തം അഭ്യസിക്കുന്നു. അതുകാണുമ്പോൾ കുട്ടികൾക്കും ഉത്സാഹം. ഈരാറ്റുപേട്ട പോക്സോ കോടതി ജഡ്ജി റോഷൻ തോമസ് ഈ മേഖലയിലെ ഒരു നല്ല പാഠമാണ്. ഭരതനാട്യം അഭ്യസിച്ച റോഷൻ പലതവണ അരങ്ങിലെത്തി. കെ.എസ്.എഫ്.ഇ ഏറ്റുമാനൂർ ബ്രാഞ്ച് മാനേജർ എം.പി. അനു,​ മകൾ അങ്കിതയെ ഡാൻസ് ക്ളാസിൽ ചേർക്കാൻ വന്നതാണ്. മകളുടെ നൃത്തംകണ്ട് അനുവും ദക്ഷിണ വച്ചു. നാട്ടകത്തെ അറുപതുകാരി സോമലതയുടെ ഉള്ളിൽ കുട്ടിക്കാലത്ത് മൊട്ടിട്ട ആഗ്രഹമാണ് ഇപ്പോൾ പൂവണിയുന്നത്. ആദ്ധ്യാപകരായ ആശയും ശാലോയുമെല്ലാം തിരക്കുകൾക്കിടയിലും നൃത്തംപഠിക്കാൻ സമയം കണ്ടെത്തുന്നു.

ജോലിക്കും കുടുംബത്തിരക്കിനുമിടയിലും നൃത്തം അഭ്യസിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കോട്ടയത്തെ നൃത്താദ്ധ്യാപിക പി.എസ്.പ്രസീതയ്ക്ക് ഇന്നലെ ദക്ഷിണ വച്ചവരിൽ 5 മുതൽ 70 വയസുവരെ പ്രായമുള്ളവർ. നൃത്താദ്ധ്യാപകൻ രാജേഷ് പാമ്പാടിയുടെ ശിഷ്യരിലുമുണ്ട് 60പിന്നിട്ടവർ. കൊവിഡിനു ശേഷമാണ് ഈ മേഖലയിലേക്ക് കൂടുതൽപേർ എത്താൻതുടങ്ങിയത്. ഇതിൽ അഭിഭാഷകരും ഐ.ടി ജീവനക്കാരും തുടങ്ങി എല്ലാ മേഖലയിലുമുള്ളവരുണ്ട്.

ഈ മാറ്റത്തെ സന്തോഷത്തോടെയാണ് കുടുംബങ്ങളും സ്വീകരിക്കുന്നത്. അമ്മമാരുടെ നൃത്തച്ചുവടുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന മക്കളുടെ എണ്ണവും കൂടുകയാണ്.

നൃത്താഭ്യാസത്തിന് കാരണം പലത്

1. ഫിറ്റ്‌നസിനും വ്യായാമത്തിനും വിനോദത്തിനുമായി

2. കുട്ടികളുടെയും നൃത്തം കണ്ട് ഒപ്പംകൂടിയവർ

3. പ്രായമായവരുടെ അരങ്ങേറ്റം പ്രേരണയായവർ

4. കുട്ടിക്കാലത്ത് മുടങ്ങിയ പഠനം വീണ്ടും തുടരുന്നവർ

5. ജോലി സമ്മർദ്ദം ഒഴിവാക്കാൻ കണ്ടെത്തിയ വഴി

” കുട്ടികളേക്കാൾ വേഗം നൃത്തം പഠിക്കുന്ന അമ്മമാരുണ്ട്. മുദ്രകളും അടവുകളും മനസിലാക്കി അരങ്ങിലെത്താൻ ആവേശമാണ് അവർക്ക് ”

പി.എസ്.പ്രസീത, നൃത്താദ്ധ്യാപിക


Source link

Related Articles

Back to top button