മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു, മൂന്ന് പേര്‍ അറസ്റ്റില്‍
മുംബയ്: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായ ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു. മുംബയ് ബാന്ദ്രയിലെ ഓഫീസില്‍ വെച്ച് ഇന്ന് വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതര പരിക്കുകളോടെ മുംബയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തോക്കുമായി എത്തിയ അക്രമികള്‍ ബാബ സിദ്ധിഖിക്ക് നേരെ മൂന്നിലേറെ തവണ വെടിയുതിര്‍ത്തു. നെഞ്ചിലും വയറിലുമാണ് അദ്ദേഹത്തിന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ മകനും ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയുമായ സീഷിന്റെ ഓഫീസില്‍ വെച്ചാണ് സിദ്ധിഖിക്ക് വെടിയേറ്റത്.
നേരത്തെ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് അജിത് പവാര്‍ പക്ഷം എന്‍.സി.പിയിലേക്ക് മാറിയിരുന്നു. 2004 – 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 1999, 2004, 2009 വര്‍ഷങ്ങളിലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബാന്ദ്രയില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു അദ്ദേഹം.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.
Source link