പൂരം കലക്കലുമായി ബന്ധപ്പെട്ട എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടില്ല; രഹസ്യസ്വഭാവമുള്ളതെന്ന് സർക്കാർ

തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാവില്ലെന്ന് സംസ്ഥാന സർക്കാർ. രഹസ്യസ്വഭാവമുള്ള രേഖയാണെന്ന വിശദീകരണം നൽകിയാണ് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് പുറത്തുവിടാൻ തയാറാകാത്തത്. സിപിഐ നേതാവ് വി എസ് സുനിൽ കുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്കാണ് മറുപടി നൽകിയിരിക്കുന്നത്. അപ്പീൽ നൽകാമെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അപ്പീൽ നൽക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും വി എസ് സുനിൽ കുമാർ പ്രതികരിച്ചു. നിയമസഭയിൽ ആരോപണം ഉയർന്നതോടെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോർട്ട് പുറത്തുവിടില്ലെന്നാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സമീപനം. ഏഴ് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തത് എന്താണെന്നും ജനങ്ങൾക്ക് ഇതിന്റെ സത്യാവസ്ഥ അറിയാണമെന്നും സുനിൽ കുമാർ പറഞ്ഞിരുന്നു.
വിവരാവകാശ നിയമത്തിലെ സെക്ഷൻ 24/4 അനുസരിച്ച് രഹസ്യസ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പുറത്തുവിടാത്തത്. മുൻപ് എഡിജിപിക്ക് എതിരായ അന്വേഷണരേഖ വിവരാവകാശ രേഖയിലൂടെ ആവശ്യപ്പെട്ട ഘട്ടത്തിലും സമാനമായ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്.
Source link