കുഞ്ഞിളം കൈകളിൽ ആദ്യക്ഷര മധുരം, അക്ഷര വെളിച്ചം പകരാൻ കേരള കൗമുദിയും
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് വിരാമിട്ട് ഇന്ന് വിജയദശമി. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിക്കുന്ന വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് ആയിരക്കണക്കിന് കുരുന്നുകൾ. പ്രമുഖ ക്ഷേത്രങ്ങൾക്കുപുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരളകൗമുദി ഉൾപ്പെടയുള്ള പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്.
സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്. സരസ്വതീ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ അക്ഷരം കുറിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലായിടങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് പുലർച്ചെ നാല് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി
കേരളകൗമുദിയും പേട്ട പുത്തൻകോവിൽ ഭഗവതി ക്ഷേത്രകമ്മിറ്റിയും സംയുക്തമായി നടത്തുന്ന വിദ്യാരംഭചടങ്ങിൽ ക്ഷേത്ര മേൽശാന്തി കണ്ണൻപോറ്റി, അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ന്യൂറോ വിദഗ്ദ്ധൻ ഡോ. മാർത്താണ്ഡപിള്ള, ഭിന്നശേഷി മുൻ കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും എഴുത്തുകാരനുമായ എം.ആർ. തമ്പാൻ എന്നിവർ ആചാര്യസ്ഥാനം വഹിക്കും.
കേരളകൗമുദിക്ക് സമീപം പുത്തൻകോവിൽ ഭഗവതി ക്ഷേത്രാങ്കണത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ. രാവിലെ 7.30ന് ടോക്കൻ വിതരണം ആരംഭിക്കും. 8ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.9ന് ചടങ്ങുകൾ അവസാനിക്കും.
ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് കേരളകൗമുദി കൈനിറയെ സമ്മാനങ്ങളും നൽകും. എഴുത്തിനിരുത്തുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോ പ്രിന്റെടുത്ത് സൗജന്യമായി നൽകുന്നത് പാരമൗണ്ട് സ്റ്റുഡിയോ ആണ്.
Source link