KERALAMLATEST NEWS

ബംഗ്ലാദേശിലെ കാളീദേവി ക്ഷേത്രത്തിലെ കിരീടം മോഷണംപോയി, കവർന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം

ധാക്ക: ബംഗ്ലാദേശിൽ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിലെ കാളീ വിഗ്രഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം മോഷണം പോയി. വെള്ളിയിൽ നിർമ്മിച്ച് സ്വർണം പൂശിയ കിരീടം ഇന്നലെ ഉച്ചകഴിഞ്ഞാണ് മോഷണം പോയതെന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചയ്ക്ക് പൂജകഴിഞ്ഞ് പൂജാരി പോകുന്നതുവരെ വിഗ്രഹത്തിൽ കിരീടം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ക്ഷേത്രം വൃത്തിയാക്കാനെത്തിയവരാണ് കിരീടം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രി കിരീടം ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്രത്തിൽ ഇന്ത്യ വിവിധോദ്ദേശ്യ ഹാൾ നിർമ്മിച്ചുനൽകുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു.

മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയാണ്. അടുത്തിടെ ഷേഖ് ഹസീനയുടെ ഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനുശേഷം ഹിന്ദുക്കൾക്കും അവരുടെ സ്വത്തുക്കൾക്കും നേരെ ബംഗ്ലാദേശിൽ വ്യാപക ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചതിനെത്തുടർന്ന് അക്രമങ്ങൾ അവസാനിപ്പിക്കാൻ ബംഗ്ലാദേശ് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു.

ബംഗ്ലാദേശിലെ അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ജശോരേശ്വരി ക്ഷേത്രം. ഹിന്ദു പുരാണങ്ങൾ പ്രകാരം ഇന്ത്യയിലും അയൽ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 52 ശക്തിപീഠങ്ങളിൽ ഒന്നാണിത്. സത്ഖിരയിലെ ശ്യാംനഗർ ഉപസിലയിലെ ഈശ്വരിപൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പന്ത്രണ്ടാം നൂ​റ്റാണ്ടിന്റെ അവസാന പകുതിയിൽ അനാരി എന്ന ബ്രാഹ്മണനാൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ജശോരേശ്വരി പീഠത്തിനായി 100 വാതിലുകളുള്ള ക്ഷേത്രം അദ്ദേഹം നിർമ്മിച്ചു. പിന്നീട് പതിമൂന്നാം നൂ​റ്റാണ്ടിൽ ലക്ഷ്മൺ സെൻ ഇത് നവീകരിച്ചു, ഒടുവിൽ പതിനാറാം നൂ​റ്റാണ്ടിൽ രാജ പ്രതാപാദിത്യ ക്ഷേത്രം പുനർനിർമ്മിക്കുകയായിരുന്നു.


Source link

Related Articles

Back to top button