തിരുവനന്തപുരം:രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മൂന്നുവർഷമായി അനങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ കേന്ദ്രഏജൻസികളുടെ അന്വേഷണത്തിന് രാഷ്ട്രപതിയോട് ശുപാർശ ചെയ്യുന്നത് ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ ‘രാജ്യവിരുദ്ധ’ ആരോപണം കടുപ്പിക്കുന്നതിലൂടെ ഗവർണർ ലക്ഷ്യമിടുന്നത് കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണെന്ന് ‘കേരളകൗമുദി’ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഗവർണറുടെ വാക്കുകൾ.
‘രാജ്യവിരുദ്ധ’ പ്രവർത്തനങ്ങൾ എന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി തനിക്കെഴുതിയ കത്തിൽ വിശദീകരിക്കുന്നത്. കത്തിന്റെ രണ്ടാംപേജിൽ ‘രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ’ നടക്കുന്നതായി പറയുന്നു. ഇത് കുറേക്കൂടി ഗൗരവമുള്ളതാണ്, രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്നതാണ്. എന്നിട്ടും വിവരം തന്നെ അറിയിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു. വിവരങ്ങൾ ആവശ്യപ്പെട്ട കത്തിന് 27 ദിവസം മറുപടി തന്നില്ല. ചീഫ്സെക്രട്ടറിയും ഡി.ജി.പിയും ഹാജരാകാൻ നോട്ടീസ് നൽകിയപ്പോഴാണ് മറുപടി ലഭിച്ചത്. അവർ രാജ്ഭവനിൽ ഹാജരാവുന്നത് തടഞ്ഞത് എന്തോ ഒളിക്കാനുള്ളതിനാലാണ്. മൂന്നു വർഷം മുൻപ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിൽ പിടിയിലായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ദുരൂഹവും സംശയകരവുമാണ്.
രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ കേരളത്തിൽ നടക്കുന്നെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിൽ പൊലീസ് ഇടപെട്ടോ? രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ രാജ്യദ്രോഹമല്ലാതെ എന്താണ്? ഒരു നടപടിയുമെടുക്കാത്തത് രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്റെ ചുമതലയാണ്. ചീഫ്സെക്രട്ടറിയും ഡി.ജി.പിയും എന്ത് ആവശ്യത്തിനും രാജ്ഭവനിൽ വരുന്നവരാണ്. രാജ്യത്തിനെതിരായ കുറ്റങ്ങളെക്കുറിച്ച് ഗവർണർ അന്വേഷിക്കേണ്ടേ? ഗവർണറെ വിവരങ്ങളറിയിക്കാനുള്ള ഭരണഘടനാപരമായ ചുമതല മുഖ്യമന്ത്രിക്കുണ്ട്. ഭരണപരമായ സാധാരണ കാര്യങ്ങളല്ല ഇവിടെ നടക്കുന്നത്- ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്കത്ത് ഗവർണർ പരസ്യമായി വായിച്ചു. ഇനി ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിലേക്ക് വരേണ്ടതില്ല.
മുഖ്യമന്ത്രിക്ക് മുകളിലോ പൊലീസ് ?
#സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾക്കുള്ള ഫണ്ടിംഗിന് ഉപയോഗിക്കുന്നെന്ന് പൊലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവനയെ പൊലീസ് ആസ്ഥാനം എതിർത്തത് അംഗീകരിക്കുന്നെന്ന് ഗവർണർ.
# ഇത്തരം പ്രസ്താവനകൾ ഒരു സമയത്തുമുണ്ടായിട്ടില്ലെന്നും പിടികൂടിയ സ്വർണത്തിന്റെയും പണത്തിന്റെയും കണക്കുകൾ മാത്രമാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നുമായിരുന്നു പൊലീസ് വാർത്താക്കുറിപ്പിറക്കിയത്.
#എന്നാൽ മുഖ്യമന്ത്രിക്ക് മുകളിലാണോ പൊലീസ്? രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണോ പൊലീസിന്റെ വിശദീകരണമാണോ പ്രധാനം- ഗവർണർ ചോദിച്ചു.
Source link