മദ്യകുപ്പികളോടൊപ്പമുള്ള വീഡിയോ: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും ഏരിയാ സെക്രട്ടറിയും തെറിച്ചു

തിരുവനന്തപുരം: മദ്യക്കുപ്പികളോടൊപ്പമുള്ള വീഡിയോ പുറത്തായതോടെ എസ്.എഫ്‌.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും ഏരിയാ സെക്രട്ടറിയേയും നീക്കി. ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനൻ ,ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയാ സെക്രട്ടറിയുമായ സഞ്ജയ് സുരേഷ് എന്നിവർക്കെതിരെയാണ് നടപടി.

സി.പി.എമ്മിന്റെ നേതാക്കൾ പങ്കെടുത്ത എസ്.എഫ്‌.ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടറി വി.ജോയ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡി.കെ.മുരളി, സി. ജയൻബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റിന്റെ ചുമതല ജില്ലാ വൈസ് പ്രസിഡന്റും മഗലപുരം സ്വദേശിയുമായ ജയകൃഷ്ണന് നൽകി. ഹോട്ടൽ മുറിയിൽ മദ്യകുപ്പികളോടൊപ്പം നന്ദനും സഞ്ജയയും നിൽക്കുന്ന വീഡിയോ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

18ന് നടക്കുന്ന കേരള സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഇത് തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി.തുടർന്നാണ് നീക്കിയത്.

സംഭവം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിക്കുന്ന കമ്മിഷൻ അന്വേഷിക്കും. ഗൂഢാലോചനയുടെ ഭാഗമായി രാഷ്ട്രീയ ലക്ഷ്യത്തോടെ ചിത്രീകരിച്ച വീഡിയോയാണെന്നാണ് ഒരു വിഭാഗം പറയുന്നത്.ജില്ലാ പ്രസിഡന്റ് നന്ദനെ സി.പി.എം പേട്ട ലോക്കൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത ലോക്കൽ സമ്മേളന ദിവസമാണ് വീഡിയോ പുറത്ത് വന്നത്.വീഡിയോ പ്രചരിച്ച സംഭവത്തിൽ പൊലീസ് പരാതിൽ നൽകാനൊരുങ്ങുകയാണ് ആരോപണ വിധേയർ.

സംഭവത്തെ പറ്റി അറിയില്ലെന്നും അന്വേഷിച്ച് നടപടിയുണ്ടായാൽ അറിയിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസി‌ഡന്റ് കെ.അനുശ്രീ അറിയിച്ചു.


Source link
Exit mobile version