ഗ്രീഷ്മയ്ക്ക് കൈവിറയ്ക്കില്ല, ഇൻക്വസ്റ്റ് റൂമിലും, ഫോട്ടോഗ്രാഫിയിൽ വേറിട്ടൊരു വനിത

ഇടുക്കി: ഹൈറേഞ്ചുകാർക്ക് സുപരിചിതയാണ് ഗ്രീഷ്മ. ജീൻസും മെൻസ് ഷർട്ടും ധരിച്ച് ക്യാമറയുമായി വേദികളിലും ആഘോഷങ്ങളിലും നിത്യസാന്നിദ്ധ്യം. പുരുഷന്മാർ മാത്രം താത്പര്യം കാണിച്ചിരുന്ന ഇൻക്വസ്റ്റ് നടപടികളുടെ ചിത്രങ്ങളെടുക്കുന്നതിൽ പ്രത്യേക പ്രാവീണ്യം. തണുത്തുറഞ്ഞ മോർച്ചറിയിൽ നഗ്നമായ മൃതദേഹത്തിനരികെ നിന്ന് ക്യാമറ ക്ലിക്ക് ചെയ്യുമ്പോൾ ഗ്രീഷ്മദാമോദരന്റെ കൈവിറയ്ക്കില്ല, മനസ് പതറില്ല.10വർഷത്തിനിടെ നൂറിലേറെ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ചിത്രങ്ങളും വീഡിയോയുമെടുത്തിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട മേഖലയിലേക്ക് അപ്രതീക്ഷിതമായാണ് ഈ 38കാരി കടന്നുവന്നത്. ഭർത്താവ് രാജേഷിന് ഇൻക്വസ്റ്റ് നടപടികളുടെ ചിത്രങ്ങൾ പകർത്തുന്ന ജോലിയായിരുന്നു. 10 വർഷം മുമ്പ് ഒരു അസ്വാഭാവിക മരണത്തിന്റെ ചിത്രമെടുക്കാൻ പൊലീസ് ബന്ധപ്പെട്ടപ്പോൾ രാജേഷ് സ്ഥലത്തുണ്ടായിരുന്നില്ല. പകരം ഗ്രീഷ്മ എത്തി. പൊലീസിന്റെ വിളി വന്നാൽ രാവെന്നോ പകലെന്നോ നോക്കില്ല. ക്യാമറയുമായി ഗ്രീഷ്മ സ്പോട്ടിലെത്തും. വിവാദമായ നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ വീഡിയോ പകർത്തിയതും ഗ്രീഷ്മയാണ്.
സ്വകാര്യസ്കൂളിൽ അദ്ധ്യാപികയായിരുന്ന നെടുങ്കണ്ടം കളരിക്കൽ ഹണി കോട്ടേജിലെ ഗ്രീഷ്മ ദാമോദരന് ചെറുപ്പം മുതൽ ക്യാമറയുമായി അടുപ്പമുണ്ടായിരുന്നു. ഫോട്ടോഗ്രാഫറായിരുന്ന സഹോദരൻ മനോജാണ് ബാലപാഠങ്ങൾ പഠിപ്പിച്ചത്. ജീവിതപങ്കാളിയും ഫോട്ടോഗ്രാഫറായതോടെ അദ്ധ്യാപനം ഉപേക്ഷിച്ച് ഫോട്ടോഗ്രഫി പ്രൊഫഷനാക്കി. നെടുങ്കണ്ടം ടൗണിൽ ഹണി എന്ന പേരിൽ സ്റ്റുഡിയോയും തുടങ്ങി. ഏഴാം ക്ലാസുകാരൻ ദേവനാഥും അഞ്ചാം ക്ലാസുകാരി ദുർഗയുമാണ് മക്കൾ.
‘ഇൻക്വസ്റ്റ് ചിത്രങ്ങളെടുക്കുന്നതിനിടെ ഒരിക്കൽ ഉള്ളുലഞ്ഞു. ആത്മഹത്യചെയ്ത 13 വയസുള്ള അന്യസംസ്ഥാനക്കാരിയുടെ മൃതചിത്രം പകർത്തുമ്പോൾ. അന്ന് നിറകണ്ണുകളോടെയാണ് ക്യാമറ ക്ലിക്ക് ചെയ്തത്.
-ഗ്രീഷ്മദാമോദരൻ
Source link