തൊടുപുഴയിലും വാഗമണ്ണിലും ചിത്രീകരണം
മോഹൻലാൽ നായകനായി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. അവസാന ഘട്ട ചിത്രീകരണമാണ് ആരംഭിച്ചത്. എമ്പുരാന്റെ ഹൈദരാബാദിലെ ലൊക്കേഷനിൽ നിന്ന് മോഹൻലാൽ ജോയിൻ ചെയ്തു. എൽ 360 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന് റാന്നിയിലും തൊടുപുഴയിലും വാഗമണ്ണിലും ചിത്രീകരണമുണ്ട്. 20 ദിവസത്തെ ചിത്രീകരണത്തോടെ പൂർത്തിയാകും. ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നത്. 15 വർഷങ്ങൾക്കുശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്ന സിനിമ കൂടിയാണ്. ഏറെ ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ നിരവധി പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നു. ഏറെ ശ്രദ്ധേയയായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം എന്ന നിലയിലും പ്രതീക്ഷകളേറെയാണ്. കഥ:.കെ. ആർ. സുനിൽ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം: ഷാജികുമാർ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം. എൽ 360 പൂർത്തിയാക്കിയശേഷം മോഹൻലാൽ എമ്പുരാന്റെ തുടർ ചിത്രീകരണത്തിൽ പങ്കെടുക്കും.ഹൈദരാബാദിൽ പുരോഗമിക്കുന്ന എമ്പുരാന് ദുബായിലും അബുദാബിയിലും തിരുവനന്തപുരത്തും ചിത്രീകരണമുണ്ട്.
Source link