പേജറും വാക്കിടോക്കിയും തീർത്ത പ്രഹരത്തിന് പിന്നാലെ ‘ഡിജിറ്റൽ യുദ്ധം’?; താറുമാറായി ഇറാൻ സംവിധാനങ്ങൾ


ടെല്‍ അവീവ്: പശ്ചിമേഷ്യൻ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. ഭരണസിരാകേന്ദ്രങ്ങളെയടക്കം പ്രതിസന്ധിയിലാക്കുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഇറാൻ നേരിട്ടിരിക്കുന്നത്. പിന്നിൽ ഇസ്രയേൽ കേന്ദ്രങ്ങളാണെന്ന അഭ്യൂഹങ്ങളുയരുന്നുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമൊന്നുമില്ല. ഇസ്രയേലിനെ സഹായിക്കുന്ന അറബ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയതിനുപിന്നാലെയാണ് വ്യാപക സൈബർ ആക്രമണം നേരിട്ടത് എന്നതും ശ്രദ്ധേയമാണ്. സർക്കാർ സംവിധാനങ്ങൾ താറുമാറായെന്നും ആണവകേന്ദ്രങ്ങളെ സൈബർ ആക്രമണം ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. സുപ്രധാന രേഖകള്‍ ചോർത്തിയെന്നും വിവരമുണ്ട്. ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടിവ് ബ്രാഞ്ചുകൾ തുടങ്ങിയ ഇറാൻ സർക്കാരിന്റെ മൂന്ന് മേഖലകൾ കടുത്ത സൈബർ ആക്രമണത്തിന് വിധേയമായി. വിവരങ്ങൾ ചോർത്തപ്പെട്ടു- ഇറാൻ സുപ്രീം കൗൺസിൽ ഓഫ് സൈബർസ്പേസിന്റെ മുൻ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു. തങ്ങളുടെ ആണവനിലയങ്ങൾ, ഇന്ധനവിതരണം, മുൻസിപ്പൽ നെറ്റ്‌വർക്കുകൾ, ഗതാഗത ശൃംഖലകൾ, തുറമുഖങ്ങൾ തുടങ്ങിയ സമാന മേഖലകൾ ആക്രമികൾ ലക്ഷ്യമിടുന്നുണ്ടെന്നും ഫിറൂസാബാദി പറഞ്ഞു.


Source link

Exit mobile version