ശബരിമല:സർക്കാർ പിടിവാശി തീക്കളി, തീരുമാനത്തിൽ നിന്ന് പിൻമാറേണ്ടിവരും

തിരുവനന്തപുരം:ശബരിമലയിൽ മണ്ഡല-മകര വിളക്ക് തീർത്ഥാടനത്തിന് സ്പോട്ട് ബുക്കിംഗ് പൂർണമായി

ഒഴിവാക്കാനും ഓൺലൈൻ ബുക്കിംഗിലൂടെ പ്രതിദിനം 80,000 പേർക്ക് മാത്രം ദർശനം അനുവദിക്കാനുമുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം പടരുന്നു. തീരുമാനത്തിൽ നിന്ന് സർക്കാരിന് പിൻമാറേണ്ടിവരുമെന്നാണ് സൂചന.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ആചാര വിരുദ്ധ നിലപാട് ഒന്നാം പിണറായി സർക്കാരിന്റെയും മുന്നണിയുടെയും കൈ പൊള്ളിച്ചിരുന്നു.

തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതുപോലാകുമോ എന്ന ആശങ്ക സി.പി.എമ്മിലും ഇടതു മുന്നണിയിലും ഉയരുന്നുണ്ട്.

സ്ത്രീ പ്രവേശന വിവാദത്തിനുപിന്നാലെ, 2019ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തത്

യു.ഡി.എഫാണ്. ഈ വർഷത്തെ ത‌ൃശൂർ പൂരം കലക്കൽ വിവാദം തൃശൂർ പാർലമെന്റ് സീറ്റിൽ

ബി.ജെ.പി.സ്ഥാനാർത്ഥിയുടെ വിജയത്തിലാണ് കലാശിച്ചത് .ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ

പേരിൽ എ.ഡി.ജി.പി അജിത് കുമാറിന്റെ ക്രമസമാധാന തൊപ്പി തെറിച്ചെങ്കിലും,ആ കൂടിക്കാഴ്ചയുടെ

ബാക്കിപത്രമായിരുന്നു പൂരം കലക്കലെന്ന ആരോപണം

കെട്ടടങ്ങിയിട്ടില്ല.

കഴിഞ്ഞ സീസണിൽ

പഴികേട്ടതിന്റെ പേരിൽ

കഴിഞ്ഞ സീസണിൽ തീർത്ഥാടകർക്ക് കനത്ത മഴയിൽ പതിനഞ്ചും ഇരുപതും

മണിക്കൂർ വരെ കുടിവെള്ളം പോലും കിട്ടാതെ ക്യൂ നിൽക്കേണ്ടി വന്നു. നിലയ്ക്കൽ ബേസ് ക്യാമ്പിൽ

പോലും എത്തിച്ചേരാൻ കഴിയാതിരുന്ന അന്യസംസ്ഥാനക്കാർ പന്തളത്തെയും മറ്റും അയ്യപ്പ ക്ഷേത്രങ്ങളിൽ നെയ്യഭിഷേകം നടത്തി മടങ്ങി.

കോ-ഓർഡിനേറ്ററുടെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി അജിത് കുമാർ സ്പോട്ട് ബുക്കിംഗിന് എതിരെ കൈക്കൊണ്ട നിലപാട് ദേവസ്വം ബോർഡ് അധികൃതരുമായി വാക്കേറ്റത്തിനും ഇടയാക്കിയിരുന്നു.

ഇപ്പോഴത്തെ തീരുമാനത്തിലും

അജിത് കുമാറിന്റെ ഇടപെടൽ ഉണ്ടെന്നാണ് സംശയിക്കുന്നത്.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇപ്പോഴത്തെ അവലോകന യോഗത്തിൽ അജിത് കുമാറിനെ പങ്കെടുപ്പിച്ചിരുന്നില്ല.

പൊലീസിൽ നിന്ന് മാറ്റി,

വെർച്വൽ ക്യൂ താളംതെറ്റി

2022 വരെ പൊലീസിനായിരുന്നു വെർച്വൽ ക്യൂ സംവിധാനത്തിന്റെ നിയന്ത്രണം.1.2 ലക്ഷം പേർക്കുവരെ ദർശനം സാദ്ധ്യമായിരുന്നു.വെബ് സൈറ്റിലൂടെ പൊലീസ് പരസ്യവരുമാനമുണ്ടാക്കി.ഇതിനെതിരെ ദേവസ്വം സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. നിയന്ത്രണം ദേവസ്വം ബോർഡിന് കൈമാറി.അന്നുമുതൽ പൊലീസ് പൂർണമനസോടെ സഹകരിക്കുന്നില്ലെന്ന് ആക്ഷേപം.

എതിർ ശബ്ദങ്ങളിൽ കഴമ്പുണ്ട്

# സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയാൽ സാങ്കേതിക ജ്ഞാനം വശമില്ലാത്തവർ വലയുമെന്ന് നിഷ്പക്ഷമതിയായ പ്രശസ്ത

കഥാകൃത്ത് ടി. പദ്മനാഭൻ കേരള കൗമുദിയിലൂടെ ചുണ്ടിക്കാട്ടിയിരുന്നു.ഭക്തരെ വലയ്ക്കുന്ന തീരുമാനം തിരുത്തണമെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് എൻ.ശങ്കർ,ശബരിമല നിരീക്ഷണ സമിതി അംഗമായിരുന്ന മുൻ ഡിജി.പി.എ.ഹേമചന്ദ്രൻ, യോഗക്ഷേമ സഭ അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയവരും ആവശ്യപ്പെട്ടിട്ടുണ്ട്.

#. ഗുരുതര പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ നിയമസഭയിൽ മുന്നറിയിപ്പ് നൽകി.ഓൺലൈനിൽ ബുക്കുചെയ്യുന്നവരിൽ 20 ശതമാനംപേർ വരാറില്ലെന്നും അത് സ്പോട്ട്ബുക്കിംഗിന് പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

# ഭക്തരുടെ മൗലികമായ ആവശ്യം സർക്കാർ പരിഗണിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

`തീർത്ഥാടനം സുഗമമാക്കാനാണ് ഓൺലൈൻ ബുക്കിംഗ്.നിയന്ത്രണം ഇല്ലാതെവന്നാൽ, ക്രമീകരണങ്ങളെ ബാധിക്കും.’

-വി.എൻ.വാസവൻ,

ദേവസ്വം മന്ത്രി


Source link
Exit mobile version