ആനിന് വീണ്ടും തിങ്കൾ സമ്മാനം

മികച്ച പിന്നണി ഗായികയായി ആദ്യ സംസ്ഥാന അംഗീകാരം സ്വന്തമാക്കിയതിന് പിന്നാലെ സൈയ്മ പുരസ്കാരവും ആൻ ആമിയെ തേടി എത്തി. പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ ആൻ ആമി പാടിയ തിങ്കൾ പൂവിൻ എന്ന ഗാനമാണ് ഇത്തവണയും അവാർഡിന് അർഹയാക്കിയത്. ദുബായിൽ ജനിച്ചു വളർന്ന ആൻ സ്വന്തം പ്രയത്നത്തിലൂടെ മലയാളികളുടെ പ്രിയഗായികയായി വളരുകയായിരുന്നു.വരനെ ആവശ്യമുണ്ട് സിനിമയിൽ കല്യാണി പ്രിയദർശനും സീതാരാമത്തിൽ മൃണാൾ താക്കൂറിനും ശബ്ദം നൽകിയ ആൻ ഡബ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങുന്നു.
സീത മലയാളത്തിൽ സംസാരിച്ചത് ആൻ ആമിയുടെ മധുരതരമായ സ്വരത്തിലായിരുന്നുവെന്ന് അധികം പ്രേക്ഷകരും അറിഞ്ഞില്ല. അന്യഭാഷാ താരങ്ങളുടെ പ്രിയ ശബ്ദമായി മാറുന്ന ആൻ ആമി സീതാരാമത്തിൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ഒറ്റ് സിനിമയിൽ ഇഷ റബ്ബക്ക് സ്വരമായി മാറിയതും ആൻ ആയിരുന്നു. റിയാലിറ്റി ഷോയിലൂടെ കടന്നുവന്നു ചലച്ചിത്ര സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ആൻ കൊച്ചവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. സിനിമ ഗാനങ്ങൾക്കൊപ്പം തന്നെ സ്വന്തം ബാൻഡിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുകൊണ്ടുപോവുകയാണ് ആൻ.
Source link