ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു
കൊച്ചി: ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കോലഞ്ചേരിക്ക് സമീപം പാങ്കോടാണ് അപകടം. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ആലുവ കൊമ്പാറ സ്വദേശികളായ കാർത്തിക് എം.അനിൽ (27), വിസ്മയ (26), എന്നിവരെയാണ് പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ പുറത്തെത്തിച്ചത്. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദമ്പതികൾ പറയുന്നു.
തുടർന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് ഉള്ളിലേക്ക് വീണു. കിണറിൽ വെള്ളം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടം നടന്നതിനു പിന്നാലെ ദമ്പതികൾക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച് പുറത്തെടുത്തു
Source link