തിരുവനന്തപുരം: പുതിയ പ്രീമിയം ബസുകൾ ഉടൻ ലഭ്യമാക്കാനും അവ
ശബരിമല സർവീസിന് ഉപയോഗിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ നിയമസഭയിൽ പറഞ്ഞു.ബസുകൾ നൽകേണ്ട അശോക് ലൈലാൻഡ് കമ്പനിക്ക് കുറച്ച് തുക കുടിശ്ശികയുണ്ട്. അതുടൻ പരിഹരിക്കും.
പുതിയ ബസുകളുടെ അഭാവത്തിൽ ബസുകൾ ക്രമീകരിച്ച്
ശബരിമല സർവീസ് നടത്തും. സി.എൻ.ജിയിലേക്ക് ബസുകൾ മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒരു ബസിന് പത്ത് ലക്ഷം രൂപ ചെലവ് വരും. കൂടുതൽ ബസുകൾ സി.എൻ.ജിയിലേക്ക് ഘട്ടംഘട്ടമായി മാറ്റും.
ഗ്രാമീണ മേഖലയിൽ ഉപയോഗിക്കുന്നതിന് ചെറിയ ബസുകൾ വാങ്ങാൻ ധനവകുപ്പ് എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് അനുവദിച്ചാൽ പരിഗണിക്കാനാവും. കെ.എസ്.ആർ.ടി.സി കടമുറികൾ വാടകയ്ക്ക് കൊടുക്കുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിച്ചിട്ടുണ്ട്.
പത്ത് പമ്പുകൾ കൂടി ഉടൻ
മറ്റു വാഹന യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന പത്ത് യാത്രാ ഫ്യൂവൽസ് പമ്പുകൾ കൂടി ഉടൻ ആരംഭിക്കും. ഉപഭോക്താക്കളുടെ അടുത്തെത്തി കൊറിയർ സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
അപകടനിരക്ക്
കുറഞ്ഞു
ബ്രത്ത് അനലൈസർ പരിശോധന കർശനമാക്കിയശേഷം അപകടനിരക്ക് കുറഞ്ഞിട്ടുണ്ട്. ഡ്രൈവർമാരുടെ പിഴവുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങളിൽ മാത്രമാണ് അവരിൽ നിന്നും നഷ്ടപരിഹാരത്തുക ഉണ്ടാക്കുന്നത്.
തൃശ്ശൂരിൽ ശക്തൻതമ്പുരാന്റെ പ്രതിമ വട്ടം ചാടിയിട്ടല്ല കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർത്തത്. വെറുതെ നിന്ന പ്രതിമയിലേക്ക് ബസ് ഇടിച്ചുകയറ്റുകയായിരുന്നു. അതേസമയം, കോഴിക്കോട് ബസ് തോട്ടിലേക്ക് വീണ സംഭവത്തിൽ അപകടം ഒഴിവാക്കാൻ ഡ്രൈവർ പരമാവധി ശ്രമിച്ചിരുന്നു. ഡ്രൈവറുടെ പിഴവ് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്റഗ്രേറ്റഡ് പാക്ക്
ഹൗസുകൾ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് കഴക്കൂട്ടം, ഒല്ലൂർ, ദേവികുളം, തൃക്കാക്കര എന്നിവിടങ്ങളിൽ ഹോർട്ടികോർപ്പ് ഇന്റഗ്രേറ്റഡ് പാക്ക്ഹൗസുകൾ ആരംഭിക്കുമെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയെ അറിയിച്ചു.
മൂന്നാറിൽ 50 ടൺ ശീതീകരണ സംഭരണ ശേഷിയുള്ള സംവിധാനവും,. വയനാട് ഇടവകയിലും, തൃശ്ശൂർ പരിയാരത്തും 20 ടൺ സംഭരണ ശേഷിയുള്ള ശീതീകരണ സംവിധാനത്തോടു കൂടിയ പഴം, പച്ചക്കറി പായ്ക്ക് ഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്.
ജൈവകർഷകർക്ക് വിപണി കണ്ടെത്തുന്നതിന് ഉത്പന്നങ്ങൾക്ക് സർട്ടിഫിക്കേഷൻ ലഭ്യമാക്കും. സർട്ടിഫിക്കേഷന് 25,000 മുതൽ 40,000 രൂപ വരെയും ഒരേക്കറിൽ കൂടുതൽ കൃഷിഭൂമിയുള്ളവർക്ക് 50,000 രൂപയും സർക്കാർ സഹായം നൽകുന്നുണ്ട്. കേരള ഗ്രോബ്രാൻഡിന് കീഴിൽ 800 ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്.
Source link