ദേശീയപാത സ്ഥലമെടുപ്പ് ഉടൻ പൂർത്തിയാക്കും

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായുള്ള ഭൂമിയേറ്റെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസിനുവേണ്ടി മന്ത്രി ഡോ. ആർ.ബിന്ദു നിയമസഭയെ അറിയിച്ചു. ദേശീയപാത പ്രവൃത്തികളുടെ പരിശോധന മുഖ്യമന്ത്രി നേരിട്ട് നടത്തുന്നുണ്ട്. ദേശീയപാത വികസനത്തിന് സംസ്ഥാനം 8000 കോടിയാണ് നൽകുന്നത്. എറണാകുളം ബൈപ്പാസിന് ഭൂമിയേറ്റെടുക്കുന്നത് 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണ്. ഭൂവുടമകളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ ഭൂമിയേറ്റെടുക്കാൻ വിജ്ഞാപനമിറക്കൂ എന്ന് അനൂപ് ജേക്കബിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വയോരക്ഷ പ്രകാരം 314 പേർക്ക്
ആനുകൂല്യം നൽകി: മന്ത്രി ബിന്ദു
തിരുവനന്തപുരം: അനാഥരാകുന്ന വയോജനങ്ങളെ സംരക്ഷിക്കുന്ന വയോരക്ഷ പദ്ധതി പ്രകാരം 314 പേർക്ക് ആനുകൂല്യം നൽകിയെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു.
മുതിർന്ന പൗരൻമാരെ സംരക്ഷിക്കുന്നതിന് സർക്കാർതലത്തിൽ 17 വൃദ്ധസദനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ആകെ 1207പേരെ പാർപ്പിക്കാനാകും. നിലവിൽ 777 താമസക്കാർ ഈ സ്ഥാപനങ്ങളിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷത്തിന് 250 കോടി വായ്പ നൽകി:
മന്ത്രി അബ്ദുറഹിമാൻ
തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ വഴി 6300 പേർക്കായി 250 കോടിയോളം രൂപ വായ്പ നൽകിയതായി മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു.
സ്വയംതൊഴിൽ വായ്പ അടക്കം വിവിധ വിഭാഗങ്ങളിലാണിത്. വിദേശ സർവകലാശാലകളിൽ ഉന്നതപഠനം നടത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്നൽകുന്നതായും മന്ത്രി പറഞ്ഞു.
ജലാശയങ്ങളിലെ പോളശല്യം പരിഹരിക്കും: മന്ത്രി
തിരുവനന്തപുരം: ജലാശയങ്ങളിലെ പോള, കുളവാഴ, പായൽ വ്യാപനം എന്നിവയ്ക്ക് സ്ഥിരം പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. കുളവാഴയെ കമ്പോസ്റ്റ്, അലങ്കാരവസ്തുക്കൾ എന്നിവയാക്കാനുള്ള സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സഹായം നൽകും. പോള പൂർണമായി ഇല്ലാതാക്കുന്നത് ജല ആവാസവ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ അവയുടെ വ്യാപനം നിയന്ത്രിക്കും. ശുദ്ധീകരിച്ച ജലസ്രോതസുകളിൽ വീണ്ടും മാലിന്യമെത്തുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ജോബ് മൈക്കിളിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Source link