എസ്.ഐ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്
കാസർകോട് : ഉപജീവനമാർഗമായ ഓട്ടോ വിട്ടുനൽകാത്തതിനെ തുടർന്ന് ഡ്രൈവർ അബ്ദുൾസത്താർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ മുൻ കാസർകോട് ടൗൺ എസ്.ഐ പി. അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിക്കുന്ന ദൃശ്യവും പുറത്ത്. യാത്രക്കാർ നൽകിയ പരാതിയിൽ ഓട്ടോയിൽ നിന്ന് പുറത്തിറക്കി ഡ്രൈവറായ നൗഷാദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ എസ്. ഐയെ ഉത്തരമേഖല ഡി.ഐ.ജി സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
നൗഷാദിനെ എസ്.ഐ അനൂപ് ഓട്ടോയിൽനിന്നു വലിച്ചിറക്കുകയും മർദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്നതാണ് ഈ സംഭവം. സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ കണ്ടശേഷം ഫോൺ എടുക്കാനായി പുറത്തുനിറുത്തിയ ഓട്ടോറിക്ഷയിൽ എത്തിയപ്പോഴായിരുന്നു എസ്.ഐയുടെ പരാക്രമം. ഇങ്ങനെ പിടിച്ചു വലിക്കാൻ താൻ കഞ്ചാവ് കേസിലെ പ്രതിയോ കൊലക്കേസ് പ്രതിയോ അല്ലല്ലോ എന്ന് ഡ്രൈവർ നൗഷാദ് എസ്.ഐയോട് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എസ്.ഐക്കെതിരെ നൗഷാദ് പൊലീസ് കംപ്ലെയിന്റ് സെല്ലിൽ പരാതിയും നൽകിയിട്ടുണ്ട്.
ഐ.എച്ച്.ആർ.ഡി: വി.എ. അരുൺകുമാറിന്
നിശ്ചിതയോഗ്യതയില്ലെന്ന് എ.ഐ.സി.ടി.ഇ
കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ. വി.എ. അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള നിശ്ചിതയോഗ്യതകൾ ഇല്ലെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ. അരുൺകുമാറിന്റെ നിയമനം ചോദ്യംചെയ്ത് ഡോ. വിനു തോമസ് നൽകിയ ഹർജിയിൽ എ.ഐ.സി.ടി.ഇ സ്റ്റാൻഡിംഗ് കോൺസൽ ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടിയാണ് പുറത്തുവന്നത്.
വി.എ. അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ അധികച്ചുമതല നൽകി 2023 ജൂൺ 3ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തിന് പൂർണചുമതല നൽകുന്നവിധം സ്പെഷ്യൽ റൂൾസിൽ പറയുന്ന യോഗ്യതകൾ ഭേദഗതി ചെയ്യുകയുമുണ്ടായി. ഈ ഉത്തരവുകൾ റദ്ദാക്കി അരുൺകുമാറിനെ നീക്കണമെന്നും മുഴുവൻ സമയ ഡയറക്ടറെ നിയമിക്കുംവരെ യോഗ്യതയുള്ള അക്കാഡമീഷ്യന് ചുമതല കൈമാറണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി 23ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
സത്യൻ പുരസ്കാരംലാലിനും
അപർണ ബാലമുരളിക്കും
തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ പുരസ്കാരത്തിന് നടനും സംവിധായകനുമായ ലാൽ, നടി അപർണ ബാലമുരളി എന്നിവർ അർഹരായി. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം നടൻ സത്യന്റെ 112-ാം ജന്മവാർഷികദിനമായ നവംബർ 9ന് വൈകിട്ട് 3.30ന് സത്യൻ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. ജൂറി അംഗങ്ങളായ വി.ആർ. ഗോപിനാഥ്, ബാലു കിരിയത്ത്, കൾച്ചറൽ ഫോറം പ്രസിഡന്റ് എ. ജോൺ മനോഹർ, ജനറൽ സെക്രട്ടറി റോബർട്ട് ഫ്രാൻസിസ്, ട്രഷറർ സ്റ്റാലിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Source link