ഇംഗ്ലീഷ് മണ്ണിൽ ചരിത്രജയം കുറിച്ച് ഗ്രീക്ക് ഫുട്ബോൾ ടീം
ലണ്ടൻ: ഇംഗ്ലീഷ് മണ്ണിൽ ചരിത്രജയം കുറിച്ച് യവനദേവന്മാർ. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ വെംബ്ലി സ്റ്റേഡിയത്തിൽവച്ച് ഗ്രീസ് 2-1ന് ഇംഗ്ലണ്ടിനെ അട്ടിമറിച്ചു. വാൻഗെലിസ് പാവ്ലിഡിസിന്റെ ഇരട്ടഗോളിലായിരുന്നു ഗ്രീസിന്റെ ജയം. ഇഞ്ചുറി ടൈമിന്റെ (90+4’) അവസാന നിമിഷമായിരുന്നു ഗ്രീക്ക് താരം ഇംഗ്ലീഷ് വല രണ്ടാമതും കുലുക്കി ചരിത്ര ജയം കുറിച്ചത്. 49-ാം മിനിറ്റിലായിരുന്നു പാവ്ലിഡിസിന്റെ ആദ്യ ഗോൾ. ജൂഡ് ബെല്ലിങ്ഗമിന്റെ (87’) വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഏക ഗോൾ. പരിക്കേറ്റു വിശ്രമത്തിലുള്ള ഹാരി കെയ്ന്റെ അഭാവത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. യൂറോ കപ്പിനുശേഷം ഇംഗ്ലണ്ടിന്റെ ഇടക്കാല പരിശീലകനായ ലീ കാഴ്സ്ലിയുടെ ശിക്ഷണത്തിലെ ആദ്യ തോൽവിയാണ്. കന്നി ജയം ചരിത്രത്തിൽ ആദ്യമായാണ് ഗ്രീസ് ഇംഗ്ലണ്ടിനെതിരേ ജയം നേടുന്നത്. മാത്രമല്ല, ഇംഗ്ലണ്ടിനെതിരേ എവേ പോരാട്ടത്തിൽ ഫിഫ റാങ്കിൽ താഴെയുള്ള ഒരു ടീം നേടുന്ന ആദ്യ ജയവുമാണ്. ഫിഫ റാങ്കിംഗിൽ 48-ാം സ്ഥാനക്കാരാണ് ഗ്രീസ്. ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരും. ഗ്രൂപ്പ് ബിയിൽ ഗ്രീസിന്റെ മൂന്നാം ജയമാണ്. ഒന്പതു പോയിന്റുള്ള ഗ്രീസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്കും ഇംഗ്ലണ്ട് ഇറങ്ങി. രണ്ടു ജയം നേടിയ ഇംഗ്ലണ്ടിന് ആറു പോയിന്റുണ്ട്.
ഇറ്റലി 2-2 ബെൽജിയം റോമിൽ നടന്ന പോരാട്ടത്തിൽ കരുത്തരായ ഇറ്റലിയും ബെൽജിയവും 2-2 സമനിലയിൽ പിരിഞ്ഞു. 40-ാം മിനിറ്റിൽ ലോറെൻസോ പെല്ലെഗ്രിനി ചുവപ്പുകാർഡ് കണ്ടതോടെ ഇറ്റലിയുടെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു. എംബപ്പെ ഇല്ലാതെ ഫ്രാൻസ് ഗ്രൂപ്പ് ബിയിൽ സൂപ്പർ താരം കിലിയൻ എംബപ്പെ ഇല്ലാതെ ഇറങ്ങിയ ഫ്രാൻസ് 4-1ന് ഇസ്രയേലിനെ തകർത്തു. കാമവിങ്ക (6’), ക്രിസ്റ്റഫർ എൻകുങ്കു (28’), ഗ്വെഡൗസി (87’), ബെർകോള (89’) എന്നിവരായിരുന്നു ഫ്രാൻസിനായി ലക്ഷ്യം നേടിയത്. ഹാലണ്ട് റിക്കാർഡ് രാജ്യാന്തര ഫുട്ബോളിൽ നോർവെയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ സ്വന്തമാക്കിയ റിക്കാർഡ് ഇനി എർലിംഗ് ഹാലണ്ടിന്റെ പേരിനൊപ്പം. യുവേഫ നേഷൻസ് ലീഗിൽ സ്ലോവേനിയയ്ക്കെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെയാണിത്. രാജ്യാന്തര ഫുട്ബോളിൽ എർലിംഗ് ഹാലണ്ടിന്റെ ഗോൾ നേട്ടം 34 ആയി. ഇരുപത്തിനാലുകാരനായ ഹാലണ്ടിന്റെ 36-ാം രാജ്യാന്തര മത്സരമായിരുന്നു.
Source link