ഉരുൾ പാഠം മറന്നു, വയനാട് തുരങ്കപ്പാത: സർക്കാർ മുന്നോട്ട്

തിരുവനന്തപുരം: അഞ്ഞൂറോളം ജീവനെടുത്ത ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഭീതി നിലനിൽക്കെ വയനാട് തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട്. പശ്ചിഘട്ടത്തിലെ ഏറ്റവും ദുർബലമായ കുന്നും മലയും തുരക്കുന്നതിന്റെ ആശങ്കയിലാണ് ജനം. തുരങ്കത്തിന് പരിസ്ഥിതി ആഘാതപഠനം നടത്തിയത് ഉരുൾദുരന്തത്തിന് മുമ്പാണ്. വീണ്ടും പഠനംനടത്താതെ മുന്നോട്ടു പോകരുതെന്നാണ് ആവശ്യം.

90 ശതമാനം ഭൂമിയും ഏറ്റെടുത്ത് പണി തുടങ്ങാൻ അന്തിമ പാരിസ്ഥിതികാനുമതി കാത്തിരിക്കുകയാണെന്ന് സർക്കാർ ഇന്നലെ നിയമസഭിൽ പറഞ്ഞു. ഇരട്ടത്തുരങ്കപ്പാതയ്ക്കുള്ള സാമ്പത്തിക ബിഡ് സെപ്തംബർ നാലിന് തുറന്നെന്നും വെളിപ്പെടുത്തി.

ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുള്ള മേഖലയിലെ തുരങ്കപ്പാതയിൽ ഹൈക്കോടതി നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്. വയനാട് പ്രകൃതിസംരക്ഷണ സമിതിയടക്കം പരിസ്ഥിതി സംഘടനകളുടെ എതിർപ്പുമുണ്ട്.

കോഴിക്കോട്ടെ ആനക്കാമ്പൊയിൽ മുതൽ വയനാട്ടിലെ മേപ്പാടിവരെയാണ് തുരങ്കപാത. താമരശേരി ചുരം ചുറ്റിയുള്ള യാത്രയ്ക്ക് പരിഹാരമായി പ്രഖ്യാപിച്ചതാണ്. തുരങ്കപ്പാത വന്നാൽ ദൂരം 30കി മീറ്റർ കുറയുമെന്നാണ് വിലയിരുത്തൽ. 8.735കി. മീറ്റർ പാതയിൽ 8.11കി.മീറ്ററും തുരങ്കമാണ്.

പാതയ്ക്കായി തുരക്കുന്ന ചെമ്പ്ര, വെള്ളരി മലനിരകൾ പശ്ചിമഘട്ടത്തിലെ ഏറ്റവും ലോലഭാഗമാണ്. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് പലതവണ ഉരുൾപൊട്ടിയിട്ടുണ്ട്. മുൻപ് ഉരുൾദുരന്തമുണ്ടായ പുത്തുമലയും കവളപ്പാറയും ഈ മേഖലയിലാണ്. പാതയവസാനിക്കുന്ന മേപ്പാടിയിലാണ് പുത്തുമല.

7677അടി ഉയരമുള്ള വാവുൾമലയും ചെമ്പ്രയുമടങ്ങുന്ന മലനിരകൾ തുരക്കണം. ഇത് പരിസ്ഥിതി നാശമുണ്ടാക്കുമെന്നും ആശങ്കയുണ്ട്. എന്നാൽ തുരങ്കം നിർമ്മിക്കുന്നിടത്ത് കൂടുതൽ ഉരുൾഭീഷണിയുണ്ടാവില്ലെന്നാണ് ചുമതലയുള്ള കൊങ്കൺ റെയിൽവേയുടെ നിലപാട്.

ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ എല്ലാവശങ്ങളും പരിഗണിച്ചിരുന്നോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ടണലിന്റെ നിർമ്മാണവിവരങ്ങൾ തുടക്കത്തിലേ അറിയിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

തുരങ്കപ്പാതയുപേക്ഷിച്ച് 5 ബദൽ റോഡുകൾ വികസിപ്പിക്കണമെന്ന ആവശ്യവുമുയരുന്നു. തുരങ്കപാതയിൽ കൂടുതൽ ശാസ്ത്രീയപഠനം വേണമെന്നാണ് സി.പി.ഐ നിലപാട്.

നിർമ്മാണം രണ്ട്

പാക്കേജുകളായി

പാലവും അപ്രോച്ച് റോഡും ഒന്നാം പാക്കേജ്, ടണൽപാത രണ്ടാമത്തേതും

17.26ഹെക്ടർ വനഭൂമിയേറ്റെടുക്കാൻ അനുമതി. പകരം 17.63ഹെക്ടർ സ്വകാര്യഭൂമി വനഭൂമിയാക്കും

കോഴിക്കോട്ട് 8.052, വയനാട്ടിൽ 8.122ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുത്തു

 കോഴിക്കോട്ട് 1.854 ഹെക്ടർ കൂടി ഉടൻ. സ്വകാര്യപങ്കാളിത്തത്തോടെ ഇ.പി.സി രീതിയിൽ നിർമ്മാണം

 പാരിസ്ഥിതികാനുമതി അപേക്ഷ സംസ്ഥാനതല വിദഗ്ദ്ധസമിതിയുടെ പരിഗണനയിൽ

(മന്ത്രി റിയാസ് നിയമസഭയെ അറിയിച്ചത്)

₹2134.50 കോടി

തുരങ്കപ്പാതയ്ക്ക് സാമ്പത്തികാനുമതി

₹2043.75 കോടി

പദ്ധതിക്കുള്ള ഭരണാനുമതി


Source link
Exit mobile version