തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെയും തീർത്ഥാടകരുടെയും സുരക്ഷയ്ക്ക് തിരക്ക് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും വരുമാനമല്ല തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ലക്ഷ്യമെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വെർച്വൽ ക്യൂ സർക്കാരും ദേവസ്വം ബോർഡും ഒരുമിച്ചെടുത്ത തീരുമാനമാണ്. ദർശനത്തിനെത്തുന്നവരുടെ ആധികാരികരേഖ അത്യന്താപേക്ഷിതമാണ്. സ്പോട്ട് ബുക്കിംഗ് എൻട്രി പാസ് മാത്രമാണ്.
ഒന്നോ രണ്ടോ ലക്ഷം പേർ വന്നാൽ ദേവസ്വം ബോർഡിന്റെ വരുമാനം വർദ്ധിക്കും. 2022- 23 കാലത്ത് മണ്ഡല,മകരവിളക്ക് കാലത്ത് ആകെ 3,95,634 പേരായിരുന്നു ദർശനം നടത്തിയത്. 2023- 24 ൽ അത് 4,85,063 ആയി വർദ്ധിച്ചു. ഓൺലൈൻ ബുക്ക് ചെയ്തില്ലെങ്കിലും ദർശനം സാദ്ധ്യമാകുമെന്ന തോന്നലാണ് സ്‌പോട്ട് ബുക്കിംഗ് വർദ്ധിക്കാനിടയാക്കിയത്.
തിരക്ക് നിയന്ത്രണാതീതമായതോടെയാണ് കഴിഞ്ഞ മണ്ഡലകാലത്ത് ഭക്തരെ തടയേണ്ട സാഹചര്യമുണ്ടായത് . വെർച്വൽ ക്യൂവിലൂടെയേ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകൂ. ദിവസം 30000 ഭക്തർ സ്പോട്ട് ബുക്കിംഗിലൂടെ എത്തി. തിരക്കേറിയപ്പോൾ സ്പോട്ട് ബുക്കിംഗ് പോലുമില്ലാതെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തി പൊലീസിന് ഭക്തരെ കടത്തിവിടേണ്ടിവന്നു. ഏതെങ്കിലും കാരണവശാൽ തീർത്ഥാടകരെ കുറിച്ചുള്ള വിവരം ശേഖരിക്കേണ്ടിവന്നാൽ ഡേറ്റ പ്രയോജനം ചെയ്യും. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവർക്ക് ദർശനത്തിനെത്താൻ 24 മണിക്കൂർ മുൻപും പിൻപും സാവകാശം നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.
ദർശനസമയം
പുന :ക്രമീകരിച്ചു
ശബരിമലയിൽ ദർശനസമയം പുന:ക്രമീകരിച്ചു. പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശനസമയം. നേരത്തെ വൈകിട്ട് നാല് മുതൽ 11 വരെയായിരുന്നു.
Source link