KERALAMLATEST NEWS

ഓണം ബമ്പർ വാങ്ങിക്കൂട്ടുന്നതിൽ മത്സരം മൂന്ന് ജില്ലകൾ തമ്മിൽ

തിരുവനന്തപുരം: നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം മുന്നിൽ നിൽക്കവേ സംസ്ഥാന ഭാ​ഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പർ വിൽപ്പന 66 ലക്ഷത്തിലേയ്ക്ക്. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് നിലവിൽ വിൽക്കുന്നതിനായി നൽകിയിട്ടുള്ളത്. നാലര ലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇനി വിപണിയിലുള്ളതും.വരുന്ന മൂന്നു ദിവസം കൂടി മാത്രം അവശേഷിക്കെ ഇതു മുഴുവൻ വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങൾക്ക് മുമ്പിലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1212300 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 855280 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 799800 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകൾ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വിൽപ്പന പുരോ​ഗമിക്കുന്നു. മറ്റ് ജില്ലകളിലും ടിക്കറ്റ് വിൽപ്പന ശക്തമായ വിധത്തിൽ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.


Source link

Related Articles

Back to top button