കാത്തിരിക്കുന്നത് 25 കോടി രൂപ; ഭാഗ്യവാനെ അറിയാൻ മണിക്കൂറുകൾ മാത്രം, തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടിരൂപ കിട്ടുന്ന ഭാഗ്യവാനെ ഇന്നറിയാം. ഇന്നലെ വൈകിട്ട് നാലുവരെ വിറ്റത് 72 ലക്ഷത്തോളം ടിക്കറ്റുകളാണ്. 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഗോർഖിഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് കെ എൻ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എം എൽ എയും നിർവഹിക്കും. കഴിഞ്ഞ വർഷം തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രംഗസ്വാമി എന്നിവർക്കാണ് തിരുവോണം ബമ്പർ കിട്ടിയത്.
ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 01.30 ന് വി.കെ.പ്രശാന്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്പറിന്റെ പ്രകാശനവും ധനമന്ത്രി നിർവഹിക്കും.
ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം ആശംസിക്കും. ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ)മായാ എൻ.പിള്ള കൃതജ്ഞതയർപ്പിക്കും. ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്)എം.രാജ് കപൂർ പങ്കെടുക്കും.
വില്പനയിൽ മുന്നിൽ പാലക്കാട്
25 കോടി രൂപ ഒന്നാംസമ്മാനവും ഒരു കോടി രൂപവീതം 20പേർക്ക് രണ്ടാം സമ്മാനവും 50ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളായും നൽകുന്നുണ്ട്. വില്പനയിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നിൽ.
13.02ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. തിരുവനന്തപുരത്ത് 9.46 ലക്ഷവും തൃശ്ശൂരിൽ 8.61ലക്ഷവുമാണ് വിൽപന.
പൂജാബമ്പർ നറുക്കെടുപ്പ് ഡിസംബർ നാലിന്
ഡിസംബർ നാലിന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനമാണ് പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും (അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
Source link