താണ്ടിയത് 1682 കിലോമീറ്റർ, ലക്ഷ്യം ഓണം ബമ്പർ; കേരളത്തിലേക്ക് അന്യസംസ്ഥാനക്കാർ ഒഴുകുന്നു

തിരുവനന്തപുരം: ഇന്നാണ് ഓണം ബമ്പർ നറുക്കെടുപ്പ് നടക്കുന്നത്. കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഭാഗ്യവാനെ തിരിച്ചറിയാൻ സാധിക്കും. ഇതിനോടകം എഴുപത്തിരണ്ട് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. 80ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്.

ഭാഗ്യം തേടി ലോട്ടറി ഷോപ്പുകളിൽ തിക്കും തിരക്കുമാണ്. കഴിഞ്ഞ വർഷം തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്,നടരാജൻ,കുപ്പുസ്വാമി,രംഗസ്വാമി എന്നിവർക്കാണ് തിരുവോണം ബമ്പർ കിട്ടിയത്. ഇതിനുപിന്നാലെ ലോട്ടറി ടിക്കറ്റെടുക്കാനായി അന്യസംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഇങ്ങോട്ടെത്തുന്നുണ്ട്. ടിക്കറ്റ് എടുക്കാനായി മുംബയിൽ നിന്ന് തിരുവനന്തപുരത്തെത്തിയവർ വരെ ഉണ്ട്.

മുപ്പത്തിയൊന്ന് മണിക്കൂർ അതായത് 1682 കിലോമീറ്റർ താണ്ടി ഭഗവതി ഏജൻസിയിൽ എത്തിയിരിക്കുകയാണ് മുംബയ് സ്വദേശിയായ യുവാവ്. തിരുവോണം ബമ്പർ എടുക്കാൻ വേണ്ടി മാത്രമാണ് താൻ ഇങ്ങോട്ട് വന്നതെന്നും കഴിഞ്ഞ മൂന്ന് വർഷമായി ലോട്ടറി എടുക്കുന്നുണ്ടെന്നും യുവാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഗോർഖിഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ആദ്യ നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എം എൽ എയും നിർവഹിക്കും. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപവീതം 20പേർക്ക് രണ്ടാം സമ്മാനവും 50ലക്ഷംരൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളായും നൽകുന്നുണ്ട്.

ഉച്ചയ്ക്ക് 01.30 ന് വി.കെ.പ്രശാന്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്പറിന്റെ പ്രകാശനവും ധനമന്ത്രി നിർവഹിക്കും.


Source link
Exit mobile version