കൽപ്പറ്റ: തിരുവോണം ബമ്പർ ഇക്കുറി കോടീശ്വരനാക്കിയത് കർണാടക സ്വദേശി അൽത്താഫ് പാഷയെ. മൈസൂരു പാണ്ഡവപുരയിൽ ബൈക്ക് മെക്കാനിക്കാണ്. 25 കോടിയുടെ ടിക്കറ്റ് കൽപ്പറ്റ എസ്.ബി.ഐയിലേൽപ്പിച്ചു.
കഷ്ടത കണ്ട് ദൈവം തന്ന സമ്മാനമാണ്. ശ്രദ്ധയോടെ ചെലവഴിക്കും. വാടക വീട്ടിൽ നിന്ന് മോചനം വേണം. ചെറിയൊരു വീട്. വാഹനം. മൊബൈൽ കട. പിന്നെ, മകൾ തനാസിന്റെ കല്യാണം, മകൻ ഉവൈസിന്റെ പഠിത്തം… അൽത്താഫിന്റെ പ്ളാൻ ഇങ്ങനെ. ഒരു ആഗ്രഹം കൂടിയുണ്ട്. 3000 രൂപയുടെ ഫോൺ മാറ്റി ഒരു ഐ ഫോൺ. 15 വർഷമായി കേരള ലോട്ടറി എടുക്കാറുണ്ട്. ഇത്തവണ ഫാൻസി നമ്പരായ ടി.ജി 434222 തിരഞ്ഞെടുക്കുമ്പോൾ വെറുതേ മോഹിച്ചിരുന്നു. മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വരവെ ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തത്. ഭാര്യ സീമയ്ക്കും മക്കൾക്കുമൊപ്പം വീട്ടിലിരുന്ന് ടെലിവിഷനിൽ നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം കണ്ടു. വിശ്വാസം വരാതെ ടിക്കറ്റ് നമ്പർ പലതവണ ഒത്തുനോക്കി. കേരളത്തിലെ സുഹൃത്തിന് ടിക്കറ്റിന്റെ ചിത്രം അയച്ച് ഒന്നാം സമ്മാനമെന്ന് ഉറപ്പിച്ചു. ഇന്നലെ ബന്ധുക്കൾക്കൊപ്പം വന്ന അൽത്താഫിനെ പൂച്ചെണ്ട് നൽകിയാണ് ബാങ്ക് സ്വീകരിച്ചത്. അക്കൗണ്ടും തുടങ്ങി. ഇനി മൂന്നു ദിവസം അവധിയായതിനാൽ ടിക്കറ്റ് ബാങ്ക് ലോക്കറിൽ സൂക്ഷിക്കും. തിങ്കളാഴ്ച ലോട്ടറി വകുപ്പിന് കൈമാറുമെന്ന് മാനേജർ മിഥുൻ പറഞ്ഞു. കഴിഞ്ഞ തവണയും ഓണം സൗഭാഗ്യം കേരളത്തെ കൈവിട്ടിരുന്നു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികൾക്കായിരുന്നു ബമ്പർ.
Source link