ശബരിമല ദർശനം: സ്പോട്ട് ബുക്കിംഗിന് അനുകൂലനീക്കം , ദേവസ്വം ബോർഡ് നയത്തിന് സർക്കാർ വഴങ്ങിയേക്കും
പത്തനംതിട്ട: ശബരിമല സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള സർക്കാർതല തീരുമാനത്തിൽ നിന്ന് ദേവസ്വം ബോർഡ് പിൻമാറിയേക്കും. ബോർഡ് ആസ്ഥാനത്ത് ഇന്നു നടക്കുന്ന ശബരിമല അവലോകന യോഗത്തിൽ സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനത്തിനെതിരെ ഉയർന്ന അഭിപ്രായങ്ങൾ ചർച്ചചെയ്യും. ഓൺലൈനിൽ ബുക്ക് ചെയ്ത് എത്തുന്നവർക്കു മാത്രം ശബരിമല ദർശനം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പങ്കെടുത്ത ശബരിമല അവലോകന യോഗത്തിലെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണിത്. ഓൺലൈൻ ബുക്കിംഗ് സംവിധാനം അറിയാതെ എത്തുന്ന അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർത്ഥാടകരെ പമ്പയിലോ നിലയ്ക്കലിലോ സ്പോട്ട് ബുക്കിംഗ് നടത്തി മല കയറാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കിയാലുണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്ത് ബോർഡിന്റെ നിലപാട് ദേവസ്വം മന്ത്രിയെ അറിയുക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അടുത്ത ശബരിമല അവലോകന യോഗത്തിൽ സ്പോട്ട് ബുക്കിംഗ് പമ്പയിലോ നിലയ്ക്കലിലോ തുടരാൻ ദേവസ്വം ബോർഡ് അനുവാദം ചോദിച്ചേക്കും. ശബരിമല തീർത്ഥാടനം അടുത്ത മാസം 17നാണ് ആരംഭിക്കുന്നത്.
സ്പോട്ട് ബുക്കിംഗിന്റെ കാര്യത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടിന് ശേഷം സമരപരിപാടികൾക്ക് രൂപം നൽകാൻ ഇന്നലെ ശബരിമല കർമ്മസമിതി യോഗം തീരുമാനിച്ചു. സ്പോട്ട് ബുക്കിംഗ് തുടരണമെന്നാവശ്യപ്പെട്ട് കർമ്മ സമിതി ബോർഡ് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു.
Source link