ഗാസയിലെ സൈനിക നടപടി ലബനനിൽ പാടില്ലെന്ന് യുഎസ്
വാഷിംഗ്ടൺ ഡിസി: ഗാസയിലെ സൈനിക നടപടി ലബനനിൽ പാടില്ലെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഗാസയെ ഇന്നു കാണുംവിധമാക്കിയ സൈനിക നടപടി ഉണ്ടാകരുതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഹിസ്ബുള്ളയെ പുറത്താക്കിയില്ലെങ്കിൽ ലബനനു ഗാസയുടെ ഗതിവരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേ ഭീഷണി മുഴക്കിയിരുന്നു. നെതന്യാഹുവും യുഎസ് പ്രസിഡന്റ് ബൈഡനും ഇന്നലെ ഫോണിൽ ചർച്ച നടത്തി. ലബനനിലെ ആക്രമണങ്ങളിൽ ജീവനാശം കുറയ്ക്കണമെന്നു നെതന്യാഹുവിനോടു ബൈഡൻ നിർദേശിച്ചു. വരുംദിവസങ്ങളിലും ഫോണിൽ ചർച്ച തുടരാൻ ഇരു നേതാക്കളും സമ്മതിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇതിനിടെ, ഇസ്രയേലുമായി വെടിനിർത്തലിനു ഹിസ്ബുള്ളകൾ തയാറായിരുന്നുവെന്നു ലബനീസ് സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയോടു വെളിപ്പെടുത്തി.
സെപ്റ്റംബർ 27ന് ഇസ്രേലി സേന ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വ്യോമാക്രമണത്തിൽ വധിച്ചതോടെ എല്ലാം തകിടംമറിഞ്ഞു. ഇതിനുശേഷം ഹിസ്ബുള്ളയും ലബനീസ് സർക്കാരും തമ്മിൽ ബന്ധപ്പെട്ടിട്ടില്ല. തെക്കൻ ലബനനിൽ കരയാക്രമണം നടത്തുന്ന ഇസ്രേലി സേനയെ നേരിടുന്നതായി ഹിസ്ബുള്ളകൾ ഇന്നലെ അറിയിച്ചു. ഹിസ്ബുള്ളകൾ വടക്കൻ ഇസ്രയേലിലെ കിര്യാത്ത് ഷ്മോണ പട്ടണത്തിലേക്കു നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഇസ്രേലി വ്യോമാക്രമണത്തിൽ അഞ്ച് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലബനീസ് സർക്കാർ അറിയിച്ചു. ലബനനിൽ ഇതുവരെ കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകരുടെ എണ്ണം 115 ആയി.
Source link