KERALAM

എത്ര കമ്മിഷൻ തരാം എന്ന് പറഞ്ഞാലും ഈ ജോലിക്ക് പോകരുത്, കേരള പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹ്യമാദ്ധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്.

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി, അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌ എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു.

ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ കുട്ടികൾ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതാണ്. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.


Source link

Related Articles

Back to top button