മാഡ്രിഡ്: ഇതിഹാസ ടെന്നീസ് താരം സ്പെയിനിന്റെ റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 2024 ഡേവിസ് കപ്പ് പോരാട്ടത്തോടെ പ്രഫഷണൽ കരിയറിനു വിരാമമിടുന്നതായി മുപ്പത്തെട്ടുകാരനായ നദാൽ അറിയിച്ചു. പുരുഷ സിംഗിൾസിൽ 22 ഗ്രാൻസ്ലാം സ്വന്തമാക്കിയ നദാൽ, ഫ്രഞ്ച് ഓപ്പണിൽ 14 തവണ മുത്തംവച്ചിട്ടുണ്ട്. കളിമണ്കോർട്ടിൽ അരങ്ങേറുന്ന ഏക ഗ്രാൻസ്ലാമായ ഫ്രഞ്ച് ഓപ്പണ്‍ ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ റിക്കാർഡിനുടമയാണ് നദാൽ. 19-ാം വയസ് പൂർത്തിയായതിന്റെ രണ്ടാംദിനം മരിയാനോ പ്യൂർട്ടയെ ഫൈനലിൽ കീഴടക്കി 2005 ഫ്രഞ്ച് ഓപ്പണ്‍ ട്രോഫി സ്വന്തമാക്കിയാണ് നദാലിന്റെ ഗ്രാൻസ്ലാം കിരീടവേട്ട ആരംഭിച്ചത്. 17 വർഷത്തിനുശേഷം 2022ൽ കാസ്പർ റൂഡിനെ തകർത്ത് ഫ്രഞ്ച് ഓപ്പണ്‍ 14-ാം തവണയും ഗ്രാൻസ്ലാം സിംഗിൾസ് നേട്ടം 22ലും എത്തിച്ചു. ബിഗ് ത്രീ ടെന്നീസ് കോർട്ടിലെ ബിഗ് ത്രീ എന്ന വിശേഷണം സ്വന്തമാക്കിയ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് കാലഘട്ടം പൂർണമായി അവസാനിച്ചെന്നു പറയാം. കാരണം, റോജർ ഫെഡറർ 2022 സീസണോടെ ടെന്നീസ് കോർട്ടിൽനിന്നു പടിയിറങ്ങിയിരുന്നു. പുരുഷ സിംഗിൾസ് ഗ്രാൻസ്ലാം നേട്ടത്തിൽ നൊവാക് ജോക്കോവിച്ചിനു (24) പിന്നിൽ രണ്ടാം സ്ഥാനത്താണ് റാഫേൽ നദാൽ (22). മൂന്നാം സ്ഥാനത്ത് ഫെഡററും (20) ഉണ്ട്.
സ്പാനിഷ് നഗരമായ മയ്യോർക്കയിൽ ജനിച്ച നദാലിന്റെ ആദ്യകാല പരിശീലകൻ ടോണി നദാലായിരുന്നു. റാഫയുടെ അമ്മാവനായ ടോണി നദാലിന്റെ ശിക്ഷണത്തിൽ 2005 മുതൽ 2017വരെ കോർട്ടിൽ ഇറങ്ങി. കരിയർ ഗോൾഡൻ സ്ലാം 2010ൽ മൂന്നു വ്യത്യസ്ത കോർട്ടിൽ ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരം എന്ന നേട്ടത്തിൽ റാഫേൽ നദാലെത്തി. യുഎസ് ഓപ്പണിൽ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി കരിയർ ഗോൾഡൻ സ്ലാമും (നാലു ഗ്രാൻസ്ലാം + ഒളിന്പിക് സ്വർണം) റാഫ സ്വന്തമാക്കി. അമേരിക്കയുടെ ആന്ദ്രേ അഗാസി മാത്രമാണ് ഈ നേട്ടത്തിലെത്തിയ മറ്റൊരു പുരുഷ താരം. കരിയറിൽ 92 സിംഗിൾസ് ട്രോഫികൾ സ്വന്തമാക്കി. 2005-2007 കാലഘട്ടത്തിൽ കളിമണ്‍ കോർട്ടിൽ 81 തുടർ ജയം എന്ന റിക്കാർഡ് കുറിച്ചു. പരിക്കിനെത്തുടർന്നുള്ള ശസ്ത്രക്രിയകളും പ്രശ്നങ്ങളുമായി നദാൽ കോർട്ടിൽനിന്ന് പതുക്കെ അപ്രത്യക്ഷമാകുകയായിരുന്നു. 2023 സീസണിൽ പൂർണമായി നദാൽ കരയ്ക്കിരുന്നു. ഈ സമയത്താണ് നൊവാക് ജോക്കോവിച്ച്, നദാലിന്റെ 22 ഗ്രാൻസ്ലാം എന്ന റിക്കാർഡ് മറികടന്നത്.
Source link